/indian-express-malayalam/media/media_files/uploads/2019/02/Petronet-LNG.jpg)
Petronet LNG, LNG in Kerala, LNG plants in Kerala, Powerplants in Kerala, Kerala Power plant
കൊച്ചി: നാഫ്ത ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുന്ന കേരളത്തിലെ രണ്ട് പവർ പ്ലാന്റുകൾക്ക് കുറഞ്ഞ ചിലവിൽ എൽഎൻജി നൽകാമെന്ന് പെട്രോനെറ്റ് എൽഎൻജി സിഇഒ പ്രഭാത് സിങ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി സംസാരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. "ഗ്യാസ് ലഭ്യത ഉറപ്പുവരുത്താൻ വളരെ ഉത്തരവാദിത്തോടെയാണ് ഞങ്ങൾ ഇടപെടുന്നത്. കുറഞ്ഞ നിരക്കിൽ ഗ്യാസ് നൽകാനുളള സന്നദ്ധത ഞങ്ങൾ അറിയിച്ചിട്ടുണ്ട്," പ്രഭാത് സിങ് പറഞ്ഞു.
കൊച്ചിയിൽ റിലയൻസിന്റെ ഉടമസ്ഥതയിലുളള ബിഎസ്ഇസ് കേരള പവർ ലിമിറ്റഡ് (ബികെപിഎൽ), കായംകുളം എൻടിപിസി എന്നിവയെ സഹായിക്കാനാണ് പെട്രോനെറ്റ് എൽഎൻജിയുടെ ശ്രമം. നാഫ്ത ഉപയോഗിച്ചാണ് ഇവിടെ ഊർജ്ജോത്പാദനം പുരോഗമിക്കുന്നത്. അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ വൈദ്യുതി ലഭിക്കുന്ന മറ്റ് സ്രോതസ്സുകളെയാണ് കെഎസ്ഇബി ആശ്രയിക്കുന്നത്. നാഫ്ത ഉപയോഗിച്ചുളള ഊർജ്ജോത്പാദനം ചിലവേറിയതാണെന്ന കാരണത്താലാണിത്.
പ്രതിദിനം 2.2 മുതൽ 2.4 ദശലക്ഷം ക്യൂബിക് മീറ്റർ ഗ്യാസാണ് ടെർമിനലിനെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ആവശ്യമായി വരുന്നത്. ഇപ്പോൾ വളരെ കുറച്ച് ആവശ്യക്കാർ മാത്രമേ ഉളളൂ എന്നതിനാൽ 2014 ന് ശേഷം ഊർജ്ജോൽപ്പാദനം വളരെ കുറവാണ്.
"പെട്രോനെറ്റ് എൽഎൻജി ഗ്യാസ് പ്ലാന്റിനെ സർക്കാർ ഉപയോഗിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിൽ നിന്ന് ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടല്ല ഇത് ഞങ്ങൾ ചെയ്യുന്നതും. ദ്രാവക രൂപത്തിലുളള ഇന്ധനങ്ങളുടെ ഉൽപ്പാദന ചിലവിനേക്കാൾ കുറഞ്ഞ നിരക്കിൽ ഗ്യാസ് ലഭ്യമാക്കാൻ ഞങ്ങൾക്ക് സാധിക്കും," പ്രഭാത് സിങ് പറഞ്ഞു.
കൊച്ചി-കൂറ്റനാട്-ബെംഗലുരു-മംഗലുരു പൈപ്‌ലൈൻ പ്രൊജക്ട് യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി എൽഎൻജി ടെർമിനലിന്റെ കപ്പാസിറ്റി ഉപയോഗം ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മുതൽ കേരളത്തിൽ ആദ്യത്തെ എൽഎൻജി ബസ് പെട്രോനെറ്റ് ഓടിക്കും. നാല് ഗ്യാസ് ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് നിർമ്മിക്കാനും പെട്രോനെറ്റിന് പദ്ധതിയുണ്ട്. കണ്ണൂർ, എടപ്പാൾ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകൾ നിർമ്മിക്കുക.
ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരെയുളള ഭാഗത്ത് 25 മുതൽ 30 വരെ ഇന്ധന ഔട്ട്ലെറ്റുകൾ തുറക്കാനാണ് പെട്രോനെറ്റിന്റെ ശ്രമം. ഡീസലിനേക്കാൾ 20-25 ശതമാനം വരെ കുറഞ്ഞ നിരക്കിൽ എൽഎൻജി ലഭിക്കും. ഇതോടെ ഡീസൽ ട്രെക്കുകളെ ഗ്യാസിലേക്ക് മാറ്റാനും മലിനീകരണം അടക്കം കുറയ്ക്കാനും സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.