തിരുവനന്തപുരം: പ്രളയ ദുരിതകാലത്തും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് പഞ്ഞമില്ല. ഇത്തരം പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രിയും ജില്ലാ ഭരണാധികാരികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെയ്ഫ് സോണിലിരുന്ന് പ്രളയത്തെ നോക്കി കാണുന്നവര്‍ വ്യാജ പ്രചാരണം തുടരുകയാണ്.

മഴ കനത്തതോടെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് എവിടെയെങ്കിലും ഇന്ധന ക്ഷാമം ഉണ്ടെങ്കില്‍ ഉടനെ തന്നെ നടപടി എടുക്കണമെന്ന് സംസ്ഥാനത്ത് ഇന്ധനം വിതരണം ചെയ്യുന്ന കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അതുപോലെ തന്നെ നാളെ കേരളത്തില്‍ ഒട്ടാകെ വൈദ്യുതി മുടങ്ങുമെന്നും പ്രചരണം നടക്കുന്നുണ്ട്. ഇതിനെതിരെ കേരളാ പൊലീസ് അറിയിപ്പുമായി എത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് പറയുന്നു.

Kerala Weather Live Updates: അടങ്ങാതെ മഴപ്പെയ്ത്ത്; ജില്ലകൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

അതേസമയം, വരും മണിക്കൂറുകളില്‍ മഴയുടെ അളവ് കുറയുമെങ്കിലും അടുത്ത ആഴ്ചയോടെ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം രൂപപ്പെടുന്നതാണ് മഴ ശക്തിപ്രാപിക്കാന്‍ കാരണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവില്‍ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകള്‍ കഴിയുന്നതോടെ തീവ്രത കുറയും. എന്നാല്‍ ഓഗസ്റ്റ് 12-ാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 14,15,16 തീയതികളില്‍ ശക്തമായ മഴ സംസ്ഥാനത്ത് പെയ്യുമെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു.

കേരളത്തിലും ലക്ഷ്വദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ മാത്രം 40 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഒറ്റപ്പാലത്ത് 34 സെന്രീമീറ്റര്‍ മഴയും കല്ലെങ്ങോട് 32 സെന്റീമീറ്റര്‍ മഴയും ലഭിച്ചു. കേരള തീരത്ത് വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.