തിരുവനന്തപുരം: കർണാടക തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന ഇന്ധന വില വര്‍ദ്ധനവ് വീണ്ടും കൂടി. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 23 പൈസ വർദ്ധിച്ച് 79.39 രൂപയും ഡീസലിന് 24 പൈസ വർദ്ധിച്ച് 72.51രൂപയുമായി. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിലും ഇന്ധന വില വർദ്ധിച്ചിട്ടുണ്ട്. കർണാടകയിൽ പെട്രോളിനും ഡീസലിനും 23 പൈസ വർദ്ധിച്ചു.
19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വില കൂട്ടിയത്. വിലവര്‍ധനയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചതിനെ തുടര്‍ന്ന് പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. നിർണായകമായ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.
പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ ഈ വര്‍ഷമാദ്യം പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പരിഗണിച്ചിരുന്നില്ല.
2014 നവംബര്‍ മുതല്‍ 9 തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില പലതവണ മാറിയപ്പോഴും ഇതിനിടെ ഒരിക്കല്‍ മാത്രമാണ് എക്‌സൈസ് തീരുവ കുറച്ചത്.