തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും കുതിച്ചുയര്‍ന്നു. പാചക വാതകത്തിനും വില കൂട്ടി. ചരിത്രത്തിലാദ്യമായി മുംബൈയിൽ പെട്രോൾ വില  91 രൂപയിൽ​ കൂടുതലായി.  ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 19 പൈസയും ഡീസല്‍ വില 80 രൂപ 43 പൈസയായി.

കൊച്ചിയില്‍ പെട്രോള്‍ വില 87.78 രൂപയാണ്. ഡീസലിന് 79.11 രൂപയുമായി. കോഴിക്കോട് ഇത് യഥാക്രമം 86.03 രൂപയും 79.37 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 83.73 രൂപയാണ്. ഡീസലിന് 75.09 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

ബെംഗളൂരുവില്‍ പെട്രോള്‍ വില 84.40 രൂപയില്‍ നിന്നും 85.53 രൂപയായും ഡീസല്‍ വില 75.48 രൂപയായും വര്‍ധിച്ചിട്ടുണ്ട്. മുംബൈയില്‍ പെട്രോള്‍ വില 91 ലെത്തി. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 91.-8 രൂപയാണ് വില. ഇന്നലെ ഇത് 90.84 രൂപയായിരുന്നു. ഡീസല്‍ വിലയിലും വര്‍ധനവുണ്ടായി. 0.33 രൂപ കൂടി 79.72 രൂപ എന്ന നിലയാണ് ഡീസല്‍ വില.

ഇതിനിടെ പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്‌സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഇനി 502 രൂപ 4പൈസ നല്‍കേണ്ടി വരും.

രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ