Latest News

പ്ലാസ്റ്റികിൽ നിന്ന് പെട്രോളും ഡീസലും; വഴികാട്ടാൻ ഒരു മലയാളി

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നായതിനാൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്ധനം ഉൽപ്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

പ്രൊഫ ഡോ ലിസ ശ്രീജിത്ത്

കൊച്ചി: കുതിച്ചുയരുന്ന ഇന്ധന വിലയും വീട്ടിലും നാട്ടിലും  കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റികും തെല്ലൊന്നുമല്ല ജനത്തെ വലയ്ക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ  സംസ്ക്കരിക്കാനാണ്  ബുദ്ധിമുട്ടെങ്കിൽ നാൾക്കുനാൾ കുതിച്ചുയരുന്ന ഇന്ധനവിലയാണ് മറ്റൊരു പ്രശ്നം.  മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട്  ഇറക്കാനും പറ്റാത്ത നിലയിലാണ് ഇവ രണ്ടും.

പ്ലാസ്റ്റിക് മാലിന്യം സംസ്കാരിക്കാനോ   പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കാനും എന്തെങ്കിലും വഴിയുണ്ടോയെന്ന്  ആശിക്കാത്തവർ ആരുമുണ്ടാവില്ല. എന്നാലിതാ രണ്ടിനും കൂടി ഒറ്റമൂലിയുമായി ഒരു മലയാളി.  മലയാളികൾക്ക് അഭിമാനിക്കാനുളള വകയാണ് കോഴിക്കോട് എൻഐടിയിലെ അദ്ധ്യപിക ഡോ. ലിസ ശ്രീജിത്ത് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റികിൽ നിന്നും ഇന്ധനം വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനുളള ശ്രമങ്ങൾ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്.

മൂന്ന് വർഷത്തിലേറെ കാലം കൊണ്ട് ഡോ. ലിസ ഗവേഷണത്തിലൂടെ കണ്ടെത്തിയതാണ് പ്ലാസ്റ്റിക് ഓയിൽ. ഇതിൽ നിന്ന് പെട്രോളും ഡീസലും മണ്ണെണ്ണയും പാചകവാതകവും വരെ വേർതിരിക്കാമെന്ന കണ്ടെത്തലിന് പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഇതേ സമയം തന്നെ എൻഐടിയും കേന്ദ്രസർക്കാരും കൈകോർത്ത് ഈ കണ്ടെത്തലിനെ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ വികസിപ്പിക്കാനുളള പദ്ധതികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ ഉൽപ്പാദനം സാധ്യമായാൽ ഇപ്പോഴത്തെ നിലയിൽ ഇന്ധനത്തിന് ഉയർന്ന വില നൽകേണ്ടി വരില്ല. പ്ലാസ്റ്റിക് മാലിന്യമായതിനാൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്ധനം ഉൽപ്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലിസ സ്വന്തം ലബോറട്ടറിയിൽ നടത്തിയ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ച ഈ മാതൃകയെ ഒരു പൈലറ്റ് പ്രൊജക്ടാക്കി മാറ്റുന്നതിനുളള ധാരണാപത്രം ഫാക്ടിന് കീഴിൽ പ്രവർത്തിക്കുന്ന ഫാക്ട്‌    എഞ്ചിനീയറിങ് ആന്റ് ഡിസൈൻ ഓർഗനൈസേഷനുമായി                  (ഫെഡോ) എൻഐടി കോഴിക്കോട് ഒപ്പുവച്ചു. 75 ലക്ഷം രൂപ ഈ പൈലറ്റ് പ്രൊജക്ടിനായി മൂന്ന് വർഷത്തേയ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.

Petrol From Plastic, Petroleum Products From Plastic, Prof Dr Lisa Sreejith, Plastic, Diesel, Usage of Plastic, Plastic Usages, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് നിർമ്മാർജനം, പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം, പെട്രോൾ വില, ഡീസൽ വില, പെട്രോളിയം ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റികിൽ നിന്ന് പെട്രോൾ, പ്ലാസ്റ്റികിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ, Kerosene, Coocking Gas, Fuel Gas, NIT calicut,
ഫെഡോ ജനറൽ മാനേജർ ബികെ ഗീതയും എൻഐടി ഡയറക്ടർ ശിവജി ചക്രവർത്തിയും ധാരണാപത്രം കൈമാറിയ ശേഷം. ഇടത്തേയറ്റത്തുളളതാണ് പ്രൊഫ ലിസ ശ്രീജിത്ത്. ടികെ ജോസ്(ഫെഡോ ജിഎം), കെ സജീഷ്, റിട്ട ലഫ് കേണൽ പങ്കജാക്ഷൻ (രജിസ്ട്രാർ, എൻഐടി, കോഴിക്കോട്)

പ്ലാസ്റ്റിക്കിനെ പേടിക്കാതെ ജീവിക്കുന്ന കാലം വരും

2012 ൽ ഒരു കൗതുകത്തിന്റെ പുറത്താണ് ലിസയുടെ അന്വേഷണം തുടങ്ങിയത്. എൻഐടി ക്വാർട്ടേർസിൽ നിന്ന് വെളളിമാടുകുന്നിലേക്ക് താമസം മാറിയ സമയമായിരുന്നു ഇത്. അയൽവാസികൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ഒരു കൗതുകത്തിനാണ് പ്ലാസ്റ്റിക്  സംസ്‌കരിച്ച് പരീക്ഷിക്കാൻ ശ്രമം തുടങ്ങിയത്. “2013 ലാണ് ആദ്യ ഘട്ട പഠനം പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി നാല് ഗ്രാം മുതൽ ഒരു കിലോ വരെ പ്ലാസ്റ്റിക് രാസപരിണാമത്തിന് വിധേയമാക്കി. പലകുറി പരാജയപ്പെട്ടു, വീണ്ടും ആവർത്തിച്ചു. ഒന്ന് മുതൽ ഏഴ് വരെ ഗ്രേഡിലുളള എല്ലാ പ്ലാസ്റ്റിക്കും രാസപരിണാമത്തിന് വിധേയമാക്കി. അതിൽ നിന്ന് ബയോഗ്യാസിന് തുല്യമായ വാതകം വേർതിരിച്ചെടുക്കാനായി. ഇതോടെയാണ് ആദ്യ ഘട്ട പഠനം പൂർത്തിയായത്,” ലിസ പറഞ്ഞു.

“ഞാൻ സർഫേസ് കെമിസ്ട്രിയിലാണ് പിഎച്ച്‌ഡി പൂർത്തിയാക്കിയത്. പോളിമർ കെമിസ്ട്രിയിൽ വലിയ അറിവുണ്ടായിരുന്നില്ല. സ്വയം വായിച്ച് പഠിച്ച അറിവും, എന്റെ ഗുരുനാഥൻ  ഡോ സീതാരാമന്റെ മാർഗനിർദ്ദേശങ്ങളുമാണ് തുടർ പരീക്ഷണത്തിൽ സഹായമായത്. പ്ലാസ്റ്റിക് സംസ്കരിച്ച് വാതകരൂപമാക്കിയപ്പോൾ, ഒഴിവാക്കിയ ഖര രൂപത്തിലുളള അവശിഷ്ടത്തിലായിരുന്നു പിന്നീടുളള പഠനം. ഇതിൽ രാസപരിണാമം നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് ഓയിൽ ലഭിച്ചത്.  89 ശതമാനവും പ്ലാസ്റ്റിക് ഓയിൽ ആയി മാറി. കരിയായിരുന്നു ബാക്കിയായ 11 ശതമാനം. പ്ലാസ്റ്റിക് ഓയിലിൽ നിന്ന് പിന്നീട് പെട്രോളും ഡീസലും മണ്ണെണ്ണയും പാചകവാതകവും വേർതിരിച്ചു. പരീക്ഷണത്തിന്റെ പല ഘട്ടങ്ങളിലും ശ്രമങ്ങൾ പാളിപ്പോയിരുന്നു. എന്നാൽ ഒടുവിൽ വിജയിക്കാനായി,” ലിസ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് തുമ്പമൺ ആണ്  ലിസയുടെ സ്വദേശം. പത്തനംതിട്ട കാത്തലിക്കറ്റ് കോളേജിൽ ബിരുദം പൂർത്തിയാക്കിയ ശേഷം അവർ അലിഗഡ് മുസ്‌ലിം സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിനായി പോയി.  എംഎസ്‌സിയും എംഫിലും സർഫസ് കെമിസ്ട്രിയിൽ പിഎച്ച്‌ഡിയും അലിഗഡിൽ നിന്ന് തന്നെ പൂർത്തിയാക്കി.

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽ (എൻ ഐ ടി) ​കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപികയാണ്. 1997 ലാണ് ലിസ കോഴിക്കോട് റീജണൽ എഞ്ചിനീയറിങ് കോളേജിൽ അദ്ധ്യാപികയായി എത്തുന്നത്. ഈ സ്ഥാപനമാണ് പിന്നീട് എൻഐടിയായി മാറിയത്.  ഭർത്താവ്   ശ്രീജിത്ത്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകനാണ്. മകൻ വിജയ് പ്ലസ് വണ്ണിലും മകൾ ഭാവന ഏഴാം ക്ലാസിലും പഠിക്കുന്നു.

അനുഗ്രഹമായി കേന്ദ്രസഹായം

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുളളതാണ് സ്വച്ഛതാ ആക്ഷൻ പ്രൊജക്ട് (എസ്എപി). ദേശീയതലത്തിൽ തന്നെ ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടുളള ആശയങ്ങൾ ക്ഷണിച്ചത് അവരാണ്. ശുചിത്വ പാലനത്തിനുളള പദ്ധതികൾ ക്ഷണിച്ചുകൊണ്ട് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമാണ് വഴിതുറന്നത്. ഈ ഘട്ടത്തിൽ തന്റെ ഗവേഷണത്തിന്റെ പേറ്റന്റിനായുളള കാത്തിരിപ്പിലായിരുന്നു  ലിസ. അവർ തന്റെ പദ്ധതി എസ്എപിക്ക് മുന്നിൽ വച്ചു. അത് മന്ത്രാലയത്തിലെ ഉന്നതർക്ക് ഏറെ സ്വീകാര്യമായതോടെയാണ്  മുന്നോട്ടുളള വഴി തുറന്നത്. പദ്ധതി ലബോറട്ടി ഘടനയിൽ നിന്ന് മാറ്റാനാണ് മൂന്ന് വർഷത്തേയ്ക്ക് 75 ലക്ഷം രൂപ അനുവദിച്ചത്. വ്യാവസായിക അടിസ്ഥാനത്തിൽ പദ്ധതി വികസിപ്പിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പൈലറ്റ് പ്ലാന്റാണ് ഇതിനായുളള ആദ്യ പടി.

പൈലറ്റ് പ്ലാന്റ് ഡിസൈൻ ചെയ്യാൻ ഫെഡോ

വ്യാവസായിക അടിസ്ഥാനത്തിലുളള ഉൽപ്പാദനം സാധ്യമാക്കുന്നതിനുളള ആദ്യത്തെ പടിയാണ് പൈലറ്റ് പ്ലാന്റ്. ഒരു ലബോറട്ടിയിൽ ഒരു കിലോഗ്രാം വരെ പ്ലാസ്റ്റിക് ഉപയോഗിച്ച് നടത്തിയ പരീക്ഷണം 500 കിലോഗ്രാം പ്ലാസ്റ്റിക് ഉപയോഗിച്ച് നടത്താനുളള പ്ലാന്റാണ് വികസിപ്പിക്കേണ്ടത്.

Petrol From Plastic, Petroleum Products From Plastic, Prof Dr Lisa Sreejith, Plastic, Diesel, Usage of Plastic, Plastic Usages, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് നിർമ്മാർജനം, പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം, പെട്രോൾ വില, ഡീസൽ വില, പെട്രോളിയം ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റികിൽ നിന്ന് പെട്രോൾ, പ്ലാസ്റ്റികിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ, Kerosene, Coocking Gas, Fuel Gas, NIT calicut,
ഫെഡോ ജനറൽ മാനേജർ ബികെ ഗീതയും എൻഐടി ഡയറക്ടർ ശിവജി ചക്രവർത്തിയും ധാരണാപത്രം കൈമാറുന്നു. ഫെഡോ ജനറൽ മാനേജർ ടികെ ജോസ് (ഇടത്തേയറ്റം), എൻഐടി രജിസ്ട്രാർ റിട്ട. ലഫ്റ്റനന്റ് കേണൽ പങ്കജാക്ഷൻ എന്നിവർ സമീപം.

30 മീറ്റർ നീളവും 10 മീറ്റർ വീതിയുമുളള കെട്ടിടത്തിനകത്ത് സ്ഥാപിക്കാവുന്നതാണ് ഈ പ്ലാന്റ്.  ഇതിനായുളള ധാരണാപത്രം എൻ ഐ ടി കോഴിക്കോടും ഫെഡോയും തമ്മിൽ ഒപ്പുവച്ചു. “ഒരു വർഷത്തിനുളളിൽ പ്ലാന്റ് സ്ഥാപിക്കാനാണ് കരാർ എന്നാൽ ആറ് മാസത്തിനുളളിൽ പൂർത്തീകരിക്കാനാണ് ഞങ്ങളുടെ ശ്രമം.  ലബോറട്ടറി സ്റ്റേജിൽ നിന്ന് പ്ലാന്റിലേക്ക് മാറുമ്പോൾ കൂടുതൽ പഠനം ആവശ്യമാണ്. ഫെഡോയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനം ഇതിനുണ്ടാകും,” ഫെഡോ പ്രൊജക്ട് ആന്റ് എഞ്ചിനീയറിങ് വിഭാഗം ജനറൽ മാനേജർ ടികെ ജോസ് പറഞ്ഞു.

“പദ്ധതിക്കായി ഫെഡോ ഡിജിഎം ആശിഷ് നായരുടെ നേതൃത്വത്തിൽ ആറംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാനുളള ശ്രമത്തിൽ ഭാഗമാകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ സന്തോഷമുളള കാര്യമാണ്,” ഫെഡോയിലെ നിർമ്മാണ വിഭാഗത്തിലെ ജനറൽ മാനേജർ ബികെ ഗീത പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol from plastic professor lisa sreejith research nit calicut fedo

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com