തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24 ന് (ബുധനാഴ്ച) മോട്ടോർ വാഹന പണിമുടക്ക്. പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കിൽ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുളള സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പെട്രോൾ വില 75 രൂപ എത്തിയിരുന്നു. ഡീസൽ വില 67 രൂപയും കടന്നു. ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതം വര്‍ധിക്കുന്നുണ്ട്. 2013 ലാണ് കേരളത്തിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ആ വർഷം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു.

ജൂണിലാണ് ഇന്ധനവില ദിവസവും മാറുന്ന രീതി കേന്ദ്രസർക്കാർ നടപ്പാക്കിയത്. വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കിട്ടാനാണ് ഈ രീതിയെന്നായിരുന്നു സർക്കാരിന്റെ ഭാഷ്യം. എന്നാൽ പുതിയ രീതി നടപ്പിലായശേഷം വില കുറഞ്ഞത് വളരെ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ