scorecardresearch
Latest News

പെട്രോൾ കിട്ടാതെ മടങ്ങിയോ? കാരണമിതാണ്

എച്ച് പി സി എല്ലില്‍ മാര്‍ച്ച് 21 മുതല്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. പമ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കുന്ന സംവിധാനം നിര്‍ത്തിയ എച്ച് പി സി എൽ, ഇപ്പോൾ മുഴുവൻ തുകയും മുൻകൂർ അടച്ച പമ്പുടമകൾക്കുപോലും പെട്രോളും ഡീസലും നൽകാത്ത സ്ഥിതിയാണുള്ളത്

Fuel shortage, HPCL, Petrol, Diesel
ഫൊട്ടോ: നിതിൻ ആർ കെ

കൊച്ചി: സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച് പി സി എല്‍) പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷം. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ (ബി പി സി എല്‍) നിയന്ത്രണത്തിലുള്ള കൊച്ചിന്‍ റിഫൈനറിയില്‍നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ഡീസലിനെ അപേക്ഷിച്ച് പെട്രോളിനാണു കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയ്ക്ക് അനുസൃതമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ എണ്ണക്കമ്പനികള്‍ വിതരണത്തില്‍ നിയന്ത്രണമേർപ്പടുത്തിയിരിക്കുകയാണ്. ഈ തീരുമാനമാണു എച്ച് പി സി എല്‍ പമ്പുകള്‍ക്കു തിരിച്ചടിയായത്.

ബി പി സി എല്ലില്‍ ചെറിയതോതില്‍ മാത്രമാണു നിയന്ത്രണമെന്നതിനാല്‍ ഈ കമ്പനിയുടെ പമ്പുകളില്‍ കാര്യമായ ഇന്ധനക്ഷാമമില്ല. റഷ്യയില്‍നിന്നു പകുതി വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനി(ഐ ഒ സി)ല്‍ ഒട്ടും വിതരണ നിയന്ത്രണമില്ല.

എച്ച് പി സി എല്ലില്‍ മാര്‍ച്ച് 21 മുതല്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. പമ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കുന്ന സംവിധാനം നിര്‍ത്തിയതാണ് നിയന്ത്രണത്തിന്റെ ആദ്യ ഘട്ടം. നേരത്തെ, മാസാവസാനം അഞ്ചു ദിവസം വരെയൊക്കെ കടമായി നല്‍കിയിരുന്നു. നിലവില്‍, പണം മുന്‍കൂര്‍ നല്‍കിയാല്‍ മാത്രമേ ഇന്ധനം ലഭിക്കുകയുള്ളൂ. ഇപ്പോള്‍, ക്ഷാമം മൂലം മുന്‍കൂര്‍ പണമടച്ചിട്ടും ഇന്ധനം കിട്ടാത്ത സ്ഥിതിയാണെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ കെ എഫ് പി ടി) പ്രസിഡന്റ് ടോമി തോമസ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

വിപണിയില്‍ മത്സരം ലക്ഷ്യമിട്ടാണ് എച്ച് പി സി എല്‍ ഡീലര്‍മാര്‍ക്ക് വന്‍തോതില്‍ ക്രെഡിറ്റില്‍ ഇന്ധനം നേരത്തെ ലഭ്യമാക്കിയത്. ഇതു ഒറ്റയടിക്കു നിര്‍ത്തിയതോടെ പമ്പുടമകള്‍ പ്രതിസന്ധിയിലായി. എണ്ണക്കമ്പനികള്‍ വായ്പ അനുവദിച്ച സമയത്ത് പമ്പുടമകള്‍ ക്വാറികള്‍ക്കും സ്‌കൂള്‍ ബസുകള്‍ ഉടമകള്‍ക്കും ഉള്‍പ്പെടെയുള്ള വന്‍കിട ഉപയോക്താക്കള്‍ക്കു ഇന്ധനം ധാരാളമായി കടമായി നല്‍കിയിരുന്നു. ഇതിന്റെ തുക പലര്‍ക്കും തിരിച്ചുകിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ പലരും ബാങ്ക് വായ്പയെടുത്താണ് കമ്പനിക്ക് ഇപ്പോള്‍ മുന്‍കൂര്‍ പണം നല്‍കുന്നതെന്നും എന്നിട്ടും ഇന്ധനം ലഭിക്കാതിരിക്കുന്നതു ഡീലര്‍മാരെ പ്രതിസന്ധിയിലാക്കുകയാണെന്നും ടോമി തോമസ് പറഞ്ഞു.

Also Read: ഇന്ധന നികുതി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ലഭിക്കുന്നത്

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എച്ച് പി സി എല്‍ പമ്പുകളിലേക്ക് ഇന്ധനം നല്‍കുന്നത് എറണാകുളം ഇരുമ്പനത്തെ ടെര്‍മിനലില്‍നിന്നാണ്. 1800 മുതല്‍ 2000 വരെ കിലോ ലിറ്റര്‍ (ഒരു കിലോ ലിറ്റര്‍ എന്നാല്‍ ആയിരം ലിറ്റര്‍) പെട്രോളാണ് എച്ച് പി സി എല്‍ പമ്പുകളുടെ പ്രതിദിന ആവശ്യകത. ഇത്രയും ഇന്ധനം ലഭ്യമാക്കാന്‍ ബി പി സി എല്ലിന്റെ കൊച്ചിന്‍ റിഫൈനറിയുമായി എച്ച് പി സി എല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എച്ച് പി സി എല്ലിന് ആവശ്യമുള്ള ഇന്ധനം വെള്ളിയാഴ്ച മുതല്‍ ബി പി സി എല്‍ നല്‍കുന്നില്ല. മിക്ക ദിവസങ്ങളിലും ആവശ്യമുള്ളതിന്റെ മൂന്നില്‍ രണ്ടു ഭാഗം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം.

രാജ്യത്ത് മൊത്തില്‍ എച്ച് പി സി എല്‍ പമ്പുകള്‍ ഇന്ധനക്ഷാമം നേരിടുന്നുണ്ടെന്നും മുന്‍കൂര്‍ പണം നല്‍കി ബുക്ക് ചെയ്തിട്ടുപോലും രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് കിട്ടുന്നതെന്നും എ കെ എഫ് പി ടി തിരുവനന്തപുരം ജില്ലാ ട്രഷററും ഊരൂട്ടമ്പലത്തെ പമ്പുടമയുമായ പ്രദീപ് ജെ എസ് പറഞ്ഞു. 14ന് എട്ട് കിലോ ലിറ്റര്‍ പെട്രോളിനും നാല് കിലോ ലിറ്റര്‍ ഡീസലിനും താന്‍ മുഴുവന്‍ തുകയും മുന്‍കൂര്‍ അടച്ചിട്ടും ലോഡ് തന്നില്ല. അതുമൂലം ഇന്നലെ ഉച്ചയോടെ ഇന്ധനം തീര്‍ന്നു. വൈകീട്ടാണു ലോഡ് ലഭിച്ചത്. ഇത്തരത്തില്‍ നാലും അഞ്ചും ദിവസം അടഞ്ഞുകിടക്കുന്ന നിരവധി പമ്പുകള്‍ കേരളത്തിലുണ്ടെന്നും പ്രദീപ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എച്ച് പി സി എല്ലിന്റെ വിശാഖ് റിഫൈനറിയില്‍നിന്നാണ് ഐ ഒ സിയ്ക്കും ബി പി സി എല്ലിനും ഇന്ധനം വിതരണം ചെയ്യുന്നത്. അസംസ്‌കൃത എണ്ണയുടെ ലഭ്യതയിലുണ്ടായ കുറവുമൂലം അവിടെനിന്നു മറ്റു കമ്പനികള്‍ക്കുള്ള വിതരണം എച്ച് പി സി എല്‍ വെട്ടിക്കുറച്ചതോടെ കൊച്ചിന്‍ റിഫൈനറിയില്‍നിന്ന് നല്‍കുന്നത് ഐ ഒ സിയും കുറയ്ക്കുകയായിരുന്നുവെന്നാണു ഡീലര്‍മാര്‍ പറയുന്നത്.

അവധി ഒഴികെയുള്ള ദിനങ്ങളില്‍ 350നും 400നും ഇടയില്‍ ലോഡാണ് എച്ച് പി സി എല്‍ പമ്പുകളുടെ ശരാശരി ആവശ്യകത. എന്നാല്‍ 300 ലോഡ് നല്‍കാന്‍ മാത്രമേ എച്ച് പി സി എല്ലിന് ഇപ്പോള്‍ കഴിയുന്നുള്ളൂ. 11, 13 തിയതികളില്‍ ഇത്ര പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് എ കെ എഫ് പി ടി ചൂണ്ടിക്കാണിക്കുന്നത്.

ഇന്ധനക്ഷാമം മറികടക്കാന്‍ ഇന്നും കൊടുക്കുന്നവര്‍ക്കു നാളെ കൊടുക്കില്ലെന്ന സ്ഥിതിയാണുള്ളതെന്നും ഇതുമൂലം എച്ച് പി സി എല്ലിന്റെ 20 ശതമാനം പമ്പുകള്‍ പൂര്‍ണമായോ ഭാഗികമായോ അടഞ്ഞുകിടക്കുകയാണെന്നും ഫെഡറേഷന്‍ പറയുന്നു. സംസ്ഥാനത്ത് എല്ലാ കമ്പനികളുടേതുതായി 2200 പമ്പുകളാണുള്ളത്. ഇതില്‍ 30 ശതമാനം എച്ച് പി സി എല്ലിന്റേതാണ്.

Also Read: സൈനികരെ റിക്രൂട്ട് ചെയ്യാന്‍ പുതിയ നയം; എന്താണ് അഗ്‌നിപഥ് പദ്ധതി?

യുക്രൈന്‍ യുദ്ധസാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാന കാരണം. അടുത്തിടെ, കേന്ദ്രസര്‍ക്കാര്‍ വില കുറച്ചതോടെ പെട്രോളിന് 20 രൂപയോളവും ഡീസലിനു 15 രൂപയോളവും നഷ്ടത്തിലാണ് ഡീലര്‍മാര്‍ക്കു എണ്ണക്കമ്പനികള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്ധനവില കൂട്ടാന്‍ സര്‍ക്കാര്‍ ഒരു കാരണവശാലും സമ്മിക്കാത്ത സാഹചര്യത്തില്‍ നഷ്ടം കുറയ്ക്കാന്‍ വിതരണം കുറയ്ക്കുകയെന്ന തന്ത്രമാണ് എണ്ണക്കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എച്ച് പിയുടെ കോട്ടയത്തെ ഒരു ഡീലര്‍ പറഞ്ഞു. ഡീസലും പെട്രോളും കൂടി 1500 കിലോ ലിറ്റര്‍ മാത്രമാണ് എച്ച് പി സി എല്‍ ഇപ്പോള്‍ പ്രതിദിനം വിതരണം ചെയ്യുന്നതെന്നു ഇദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യയില്‍നിന്ന് പകുതി വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങുന്നതിനാല്‍ ഐ ഒ സിയില്‍ ക്ഷാമമില്ല. ബാരലിന് 120 ഡോളറാണ് രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വിലയെങ്കില്‍ ഐ ഒ സിക്കു റഷ്യയില്‍നിന്നു ലഭിക്കുന്നത് 60 ഡോളറിനാണ്. റിലയന്‍സ്, നയാര, എന്നീ സ്വകാര്യ കമ്പനികളും ഇതേ വിലയ്ക്കു റഷ്യയില്‍നിന്ന് അസംസ്‌കൃത ഇന്ധനം വാങ്ങുന്നുണ്ട്. എന്നാല്‍ ബി പി സി എല്ലിനും എച്ച് പി സി എല്ലിനും റഷ്യയില്‍നിന്നുള്ള ഇറക്കുമതിയ്ക്കു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. റിലയന്‍സില്‍നിന്നും നയാരയില്‍നിന്നും ശുദ്ധീകരിച്ച ഇന്ധനം കൂടിയ വിലയ്ക്കു ബി പി സി എല്ലും എച്ച് പി സി എല്ലും വാങ്ങുകയാണ്.

നയാരയും റിലയന്‍സും വിപണിവിലയേക്കാള്‍ മൂന്നര മുതല്‍ നാലു രൂപ കൂട്ടിയാണു ഇന്ധനം വില്‍ക്കുന്നത്. എന്നിട്ടും പോലും നഷ്ടം നികത്താന്‍ കഴിയുന്നില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ 60 ഡോളറിന് റഷ്യയില്‍നിനന് എണ്ണ ലഭിക്കുന്നവരുമായി 120 ഡോളറിനു ലഭിക്കുന്ന എണ്ണയുമായി വിപണിയില്‍ മത്സരിക്കേണ്ടിവരുന്നത് ബി പി സി എല്ലിനും എച്ച് പി സി എല്ലിനും വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.

ഇന്ധനക്ഷാമം ചൂണ്ടിക്കാട്ടി എ കെ എഫ് പി ടി മുഖ്യമന്ത്രിയെയും സിവില്‍ സപ്ലൈസ് മന്ത്രിയെയും സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ എണ്ണവിതരണ കമ്പനികളെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്ന്ത. രാജ്യാന്തര വിപണിയിലെ ഉയര്‍ന്ന വിലയ്ക്കിടയിലും കേന്ദ്ര സര്‍ക്കാര്‍ എണ്ണവില കൂട്ടാന്‍ തയാറാവാത്ത സാഹചര്യത്തില്‍ ഇരു സര്‍ക്കാരുകളും നികുതി കുറച്ച് ആശ്വാസം നല്‍കണമെന്നും എ കെ എഫ് പി ടിയുടെ ആവശ്യപ്പെടുന്നു.

അതിനിടെ, വിലകൂടിയ തങ്ങളുടെ പ്രീമിയം ശ്രേണിയിലുള്ള എണ്ണ വിറ്റഴിക്കാനുള്ള സുവര്‍ണാവസരമായി ഇന്ധനക്ഷാമ സാഹചര്യത്തെ എണ്ണക്കമ്പനികള്‍ ഉപയോഗത്തുന്നുമുണ്ട്. സാധാരണ പെട്രോളും ഡീസലും ലഭ്യമല്ലാത്ത പല പമ്പുകളിലും പ്രീമിയം എണ്ണ ലഭ്യമാണ്. സാധാരണ ഇന്ധനം ലഭ്യമല്ലാത്തതോടെ ഉപഭോക്താക്കളിലും വലിയൊരു ശതമാനം നിവൃത്തിയില്ലാതെ ഉയര്‍ന്ന വിലയുള്ള എണ്ണ വാഹനങ്ങളില്‍ നിറച്ചുപോകുന്നതു സാധാരണമായിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Petrol diesel shortage kerala