തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. ഇന്നും പ്രെട്രോൾ, ഡീസൽ വിലയിൽ വർധനവ്. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു.
ഈ മാസം മാത്രം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ദിവസേനയുള്ള നേരിയ വർധനവിലൂടെ വലിയ തുകയാണ് ഉപഭോക്താക്കൾക്ക് പമ്പുകളിൽ നൽകേണ്ടി വരുന്നത്.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളർ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. എന്നാൽ, രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.