തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയെന്നോണം തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലവർധന. ഇന്ന് പെട്രോൾ 25 പൈസയും ഡീസൽ 32 പൈസയും കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോർഡിൽ എത്തി.
മുംബൈയിൽ പെട്രോൾ വില 94 രൂപ 50 പൈസ ആയി. ഡൽഹിയിലും പെട്രോൾ വില സർവകാല റെക്കോർഡിൽ എത്തി. 87 രൂപ 90 പൈസ. ബെംഗളൂരുവിൽ പെട്രോൾ വില 90 രൂപ 85 പൈസയിലെത്തി. തിരുവനന്തപുരം നഗരത്തിൽ ഇന്ന് പെട്രോൾ വില 89 രൂപ 73 പൈസയാണ്. ഡീസൽ വില 83 രൂപ 91 പൈസ. കൊച്ചി നഗരത്തിൽ പെട്രോൾ 88 രൂപ 10 പൈസയും ഡീസൽ 82 രൂപ 40 പൈസയുമാണ്.
സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 ന് മുകളിലാണ്. ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Read More: പാംഗോങ് തീരങ്ങളിൽനിന്ന് ചൈനീസ്, ഇന്ത്യൻ സംഘങ്ങൾ പിൻമാറാൻ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.