കൊച്ചി: പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോൾ വില 85.35 ഉം ഡീസൽ വില 79.50 ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്.

രാജ്യത്ത് ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിനു 26 പൈസയും കൂട്ടിയിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വർധിച്ചതെങ്കിൽ ഈ വർഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്.

പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.

Read More: വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവെന്ന് കണ്ടെത്തൽ; കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ ശാസന

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.