തിരുവനന്തപുരം: ഇന്ധന വില വീണ്ടും ഉയർത്തി എണ്ണക്കമ്പനികൾ. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. കൊച്ചിയിൽ പെട്രോളിന് 91.44 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്കു മുകളിലാണ്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 22 രൂപയ്ക്ക് അടുത്താണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമാകുന്നു. വരും ദിവസങ്ങളിലും ഇന്ധനവില കുതിച്ചുയരാനാണ് സാധ്യത. ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം.
ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Read Also: Horoscope Today February 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.