കോവിഡ് പ്രതിസന്ധി ജനങ്ങളെ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇന്ധനവില വർധിക്കുന്നത്. തുടർച്ചയായി 14-ാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിനു 55 പെെസയും ഡീസൽ ലിറ്ററിനു 59 പെെസയുമാണ് ഇന്ന് വർധിച്ചത്.

രണ്ടാഴ്‌ചക്കിടെ പെട്രോളിനും ഡീസലിനും എട്ട് രൂപയോളം വർധിച്ചു. പതിനാല് ദിവസംകൊണ്ട് ഡീസലിന് ലിറ്ററിന് ഏഴുരൂപ 86 പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 65 പൈസയും വര്‍ധിച്ചു. കൊച്ചിയിൽ പെട്രോളിനു ഇന്നത്തെ വില 78.70 രൂപയാണ്. ഡീസലിനു 73.03 രൂപ നൽകണം. തിരുവനന്തപുരത്ത് പെട്രോളിന് 80.10 രൂപയാണ്, ഡീസലിന് 74.44 രൂപ നൽകണം.

Read Also: ഇന്നും നാളെയും കനത്ത മഴയ്‌ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ധനവില വർധന ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്പോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്പനികൾ ഇന്ധനവില ഉയർത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സർക്കാർ എക്‌സെെസ് ഡ്യൂട്ടി മൂന്ന് രൂപ വർധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

കോവിഡ് മഹാമാരി രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്ത് ഇന്ധനവില വർധിപ്പിക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വില വർധനവ് പിൻവലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.