തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വില വീണ്ടും സെഞ്ചുറി അടിച്ചു. തിരുവനന്തപുരത്ത് ഇന്ന് 100 രൂപ 14 പൈസയാണ് ഡീസൽ വില. പെട്രോളിന് 113 രൂപ 24 പൈസയാണ്. പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ആറ് രൂപ 98 പൈസയും ഡീസലിന് ആറ് രൂപ 74 പൈസയാണ് കൂടിയത്.
കൊച്ചിയിൽ പെട്രോളിന് 111.28 രൂപയും ഡീസലിന് 98.29 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111.45 രൂപയും ഡീസലിന് 98 .45 പൈസയുമാണ് ഇന്ന്. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് സംസ്ഥാനത്ത് ഡീസൽ വില 100 കടന്നിരുന്നു. എന്നാൽ നവംബർ ആദ്യം എക്സൈസ് ഡ്യൂട്ടി കുറച്ചതോടെ വില നൂറിൽ താഴെയെത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ‘മരവിച്ചു പോയ’ ഇന്ധനവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് കരുതുന്നത്. ഇന്ധനവില വർധനവ് സാധാരണക്കാരായ ജനങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. വില ഇനിയും ഉയർന്നാൽ അത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിന് വരെ കാരണമാകും.
അതേസമയം, പാചകവാതക- ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിക്കും. വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും രാവിലെ 11ന് ഗ്യാസ് സിലണ്ടറിലും ഇരുചക്രവാഹനങ്ങളിലും മാലചാര്‍ത്തിയാണ് പ്രതിഷേധം. സംസ്ഥാനത്ത് ഏപ്രില്‍ നാലിന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ ഏഴിന് കെപിസിസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Also Read: വെറുതെ പറയുന്നത് വധഗൂഢാലോചനയാകുമോ? ദിലീപ് കേസില്‍ ഹൈക്കോടതി; തെളിവുണ്ടെന്നു പ്രോസിക്യൂഷന്