ഇന്ധന വില: പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; 18 ന് സംസ്ഥാന വ്യാപക സമരം

പിണറായി വിജയന്റെ കണ്ണുതുറക്കുന്നതുവരെ സമരം തുടരാനാണ് കെപിസിസിയുടെ തീരുമാനമെന്ന് കെ. സുധാകരന്‍ അറിയിച്ചു

Congress, Congress Flag, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ സംസ്ഥാന വ്യാപക സമരവുമായി കോണ്‍ഗ്രസ്. നവംബര്‍ 18-ാം തീയതി 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഇന്ധന വിലയില്‍ ഇളവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ നീളുന്ന മനുഷ്യച്ചങ്ങല നിര്‍മ്മിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഓഫീസിനു മുന്നിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 140 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നിലും 140 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സമരങ്ങള്‍ അരങ്ങേറുമെന്നും കെപിസിസി അധ്യക്ഷന്‍ അറിയിച്ചു.

“കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാരിന് കോണ്‍ഗ്രസ്സിന്റെ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതിയില്‍ വലിയ വര്‍ധനവ് വരുത്തി ജനങ്ങളെ കൊള്ളയടിക്കുകയും ആ കൊള്ളമുതലില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കുപറ്റുകയും ചെയ്തിട്ട് യാതൊരുവിധ ഇളവിനും തയ്യാറാകാത്ത പിണറായി സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ധിക്കാരപരമാണ്,” സുധാകരന്‍ പറഞ്ഞു.

“കേരളത്തില്‍ ഒരിടത്തുപോലും അനിഷ്ടസംഭവം ഉണ്ടായില്ല എന്നതാണ് ചക്രസ്തംഭന സമരത്തിന്റെ പ്രത്യേകത. തികഞ്ഞ അച്ചടക്കത്തോടെ സമരം നടത്തുകയും അതിനു നേതൃത്വം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും അഭിനന്ദിക്കുന്നു. ജനങ്ങള്‍ സമരവുമായി പൂര്‍ണമായി സഹകരിച്ചു. കേരള ജനതയ്ക്കും നന്ദി പറയുന്നു. പിണറായി വിജയന്റെ കണ്ണുതുറക്കുന്നതുവരെ സമരം തുടരാനാണ് കെപിസിസിയുടെ തീരുമാനം,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“ഇന്ധനവില വര്‍ധനവിനെതിരേയുള്ള സമരം സാംസ്‌കാരിക പ്രവര്‍ത്തകരടക്കം എല്ലാ ജനവിഭാഗങ്ങളേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ടു കൊണ്ടു പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ജനകീയ സമരത്തെ അട്ടിമറിക്കാനും വിവാദം സൃഷ്ടിക്കാനും ശ്രമിച്ച ചില വ്യക്തികള്‍ക്കെതിരേയുള്ള പ്രവര്‍ത്തകരുടെ പ്രതികരണങ്ങളെ സിനിമാ മേഖലയ്ക്കെതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കാനുള്ള സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും ശ്രമം വിലപ്പോകില്ല. സിനിമാ ചിത്രീകരണങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങള്‍ നടത്തരുതെന്ന് പോഷകസംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,” സുധാകരന്‍ വ്യക്തമാക്കി.

Also Read: ജോജുവിന്റെ കാർ തകർത്ത കേസ്: കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price congress strike k sudhakaran

Next Story
സംസ്ഥാനത്ത് 7,540 പേര്‍ക്ക് കോവിഡ്; 48 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com