തിരുവനന്തപുരം: നാല് മാസത്തിന് ശേഷം രാജ്യത്തെ പെട്രോൾ – ഡീസൽ വില കൂടി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വില വർധനവ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം വില കൂടിയിട്ടുണ്ടായിരുന്നില്ല. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 107.31 രൂപയും ഡീസല്‍ ലിറ്ററിന് 94.41 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 105.45 ഡീസലിന് 92.61 രൂപയുമാണ് പുതിയ വില.
2021 നവംബറിലാണ് രാജ്യത്ത് അവസാനമായി ഇന്ധനവില വർധിച്ചത്. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധനവില കൂടാൻ തന്നെയാണ് സാധ്യത.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയും കൂട്ടിയിട്ടുണ്ട്. 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. 5 കിലോയുടെ ചെറിയ സിലിണ്ടറിന് 13 രൂപ കൂട്ടി 352 രൂപയായി.
Also Read: ഓട്ടോ മിനിമം ചാർജ് 30 രൂപ ആക്കാൻ ശിപാർശ, ടാക്സി നിരക്ക് എത്രയാവും, മറ്റു ശിപാർശകൾ എന്തൊക്കെ?