തിരുവനന്തപുരം: അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. പ്രതികൾക്ക് 90 ദിവസം പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുളളത്. അഭയ കേസിലെ പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി.രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
Read More: സംഭവബഹുലമായ 28 വർഷം; അഭയ കേസ് നാൾവഴികളിലൂടെ
ഹൈക്കോടതിയെ മറികടന്ന് പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
അഭയ കേസിൽ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് കഴിഞ്ഞ മേയ് 11 നാണ് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ് പ്രതികൾക്ക് പരോൾ കിട്ടിയത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി 5 തവണ ഹൈക്കോടതി പരിഗണിച്ചുവെങ്കിലും ജാമ്യം അനുവദിക്കാതെ ഹർജി മാറ്റി വയ്ക്കുകയായിരുന്നു.