കൊച്ചി: സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് അടക്കം വിവാദ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനക്ക് അയക്കാൻ സിംഗിൾ ബഞ്ച് രജിസ്ട്രിയോട് നിർദേശിച്ചു. കേസ് നമ്പർ ഇട്ടിട്ടില്ലെന്നും ഉള്ളടക്കത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും ചുണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കേസ് ഏത് ബഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

സ്വർണക്കടത്ത് അടക്കം വിവാദ വിഷയങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ മൈക്കിൾ വർഗീസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ കടത്ത്, സ്പ്രിൻക്ലർ, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി ഇടപാടുകളിൽ സിബിഐ അന്വേഷണം വേണമെന്നും സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

Read Also: മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹമെന്ന് സുരേന്ദ്രൻ; ശിവശങ്കറിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് ചെന്നിത്തല

അതിനിടെ, സ്വർണ കള്ളക്കടത്തിൽ പങ്കില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് തന്നെ പ്രതിയാക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഹർജി കോടതി നാളെ പരിഗണിച്ചേക്കും. 2016 വരെ യുഎഇ കോൺസുലേറ്റ് ജീവനക്കാരിയായിരുന്ന താൻ 2019 ൽ രാജിവച്ചെന്നും കോൺസുലേറ്റ് അധികൃതരുടെ നിർദേശപ്രകാരം ഭരണപരമായ കാര്യങ്ങളിൽ സഹായം നൽകിയിരുന്നുവെന്നും സ്വപ്ന ഹർജിയിൽ പറയന്നു.

നിലവിൽ കോൺസുലേറ്റ് ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമീസ് അൽ ഷെമിലിയുടെ പേരിൽ അയച്ച പാഴ്സൽ വൈകിയെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇക്കാര്യത്തിൽ കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് സ്വപ്നയുടെ വാദം. ഡ്യൂട്ടിയുടെ ഭാഗമായാണ് കസ്റ്റംസിനെ ബന്ധപ്പെട്ടത്. താൻ നിരപരാധിയാണന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും തന്നെ പ്രതിചേർക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും തെളിവു നശിപ്പിക്കാനോ അന്വേഷണത്തിൽ ഇടപെടാനോ ശ്രമിക്കില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.

സരിത്ത് കുമാറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

അതേസമയം, യുഎഇ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് കുമാറിനെ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. കള്ളക്കടത്തില്‍ വേറെയും പ്രതികള്‍ ഉണ്ടന്നും സരിതിനെ ചോദ്യം ചെയ്താലെ വിവരങ്ങള്‍ ലഭിക്കൂ എന്നും കസ്റ്റംസ് അറിയിച്ചു. കള്ളക്കടത്തില്‍ പങ്കുള്ളവരില്‍ ചിലര്‍ ഒളിവിലാണന്നും തെളിവു നശിപ്പിക്കാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിയെ നേരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടന്നും കസ്റ്റംസ് ബോധിപ്പിച്ചു. 15 വരെയാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.