കൊച്ചി: ചുരുളി സിനിമക്കെതിരെയുള്ള ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വിമർശനവുമായി ഹൈക്കോടതി. സിനിമ കാണാത്തവരാണ് കൂടുതലും വിമര്‍ശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സിനിമയിലെ സംഭാഷണം സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ ഹനിക്കുന്നതാണന്നും സിനിമ ഒ ടി ടി യിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും മറ്റിടങ്ങളിലും കാര്യം അറിയാതെയുള്ള വിമർശനങ്ങൾ കൂടി വരുന്നുണ്ടന്നും കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരുവിഭാഗമുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് വിധി പറയാൻ മാറ്റി.
സിനിമയുടെ ദൃശ്യങ്ങൾ കോടതി നേരത്തെ പരിശോധിച്ചിരുന്നു. ഭാഷാപ്രയോഗം അതിഭീകരമെന്നിും ഹൈക്കോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. അഭിഭാഷക പെഗ്ഗി ഫെൻ സമർപ്പിച്ച ഹർജിയിൽ തന്നെയായിരുന്നു നടപടി.
സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും അഭിഭാഷക ഹർജിയിൽ അഭിപ്രായപ്പെട്ടിരുന്നു.
Also Read: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണം; പുനരന്വേഷണം വേണമെന്ന് കുടുംബം