കൊച്ചി: പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനി നിമിഷയെ ഇതരസംസ്ഥാന തൊഴിലാളി കൊന്നത് മദ്യപിക്കാനുളള പണത്തിനുവേണ്ടിയാണെന്ന് പൊലീസ്. കൈയ്യിലുണ്ടായിരുന്ന പണം തീർന്നപ്പോൾ പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു. പണം ലഭിക്കാത്തതിനെ തുടർന്ന് മുത്തശ്ശിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പെൺകുട്ടിയെ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതി കൊല നടത്തിയത് നിമിഷയുടെ കൈയ്യിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചെന്ന് ഐജി വിജയ് സാക്കറെ വ്യക്തമാക്കി. പ്രതി മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയമുണ്ടെന്നും പ്രതിക്കെതിരെ ദൃക്സാക്ഷികളുടെ അടക്കം നിർണായക തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കോളേജ് വിദ്യാർത്ഥിനിയെ പട്ടാപ്പക്കൽ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ പെരുമ്പാവൂർ നിവാസികൾക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു ഇതരസംസ്ഥാന തൊഴിലാളിയുടെ കത്തിക്കിരയായത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ് നിമിഷ.

കൊല നടത്തിയ ബംഗാൾ മുർഷിബാദ് സ്വദേശി ബിജു പൊലീസ് കസ്റ്റഡിയിലാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.