കൊച്ചി: കോളേജ് വിദ്യാർത്ഥിനിയെ പട്ടാപ്പക്കൽ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ പെരുമ്പാവൂർ നിവാസികൾക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു ഇതരസംസ്ഥാന തൊഴിലാളിയുടെ കത്തിക്കിരയായത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ് നിമിഷ.

മോഷണ ശ്രമം തടഞ്ഞതാണ് നിമിഷയെ കൊലപ്പെടുത്താൻ കാരണമെന്ന് പിടിയിലായ മുർഷിദാബാദ് സ്വദേശി ബിജു പൊലീസിനോട് പറഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. നിമിഷയുടെ വീടിന് സമീപത്തായി പ്രതി ബിജുവിന്റെ സുഹൃത്തുക്കൾ താമസിക്കുന്നുണ്ട്. ഇവരെ കണ്ടശേഷം തിരിച്ചു പോകുമ്പോഴായിരുന്നു നിമിഷയുടെ വീടിനു മുന്നിൽ മുത്തശ്ശി ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടത്. വീട്ടിൽ ആരുമില്ലെന്ന് കരുതിയ ബിജു വൃദ്ധയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ഈ സമയം നിമിഷ അടുക്കളയിൽ പച്ചക്കറി അരിയുകയായിരുന്നു.

Read More: പെരുമ്പാവൂര്‍ കൊലപാതകം: ബംഗാള്‍ സ്വദേശി പിടിയില്‍; പ്രതി കുറ്റം സമ്മതിച്ചു

മുത്തശ്ശിയുടെ നിലവിളി കേട്ട് നിമിഷ കൈയ്യിലിരുന്ന കത്തിയുമായി മുറ്റത്തേക്ക് ഓടിവന്നു. ബിജു മുത്തശ്ശിയുടെ മാല പൊട്ടിക്കുന്നത് നിമിഷ തടയാൻ ശ്രമിച്ചു. ഈ സമയം നിമിഷയുടെ കൈയ്യിലുണ്ടായിരുന്ന കത്തി ബിജു പിടിച്ചുവാങ്ങി കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പിതൃ സഹോദരൻ ഏലിയാസിന്റെ കൈയ്യിലും ഇയാൾ കുത്തി പരുക്കേൽപ്പിച്ചു. അതിനുശേഷം സമീപത്തെ പറമ്പിലേക്ക് ഓടിയൊളിച്ചു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിൽനിന്നും ലഭിക്കുന്ന വിവരമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ബിജുവിനെ ഇപ്പോഴും പൊലീസ് ചോദ്യം ചെയ്യുകയാണ്. ദ്വിഭാഷിയുടെ സഹായത്തോടെ റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.