പെരുമ്പാവൂർ: പെരുമ്പാവൂരിൽ 42 കാരിയെ കൊലപ്പെടുത്തിയത് ക്രൂര ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ് നിഗമനം. സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. തൂമ്പ ഉപയോഗിച്ച് സ്ത്രീയുടെ തലയ്ക്ക് പത്തിലേറെ തവണ ഇയാൾ അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ബോധംകെടുത്തിയശേഷമാണ് സ്ത്രീയെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് നിഗമനം. മരണം ഉറപ്പാക്കിയശേഷമാണ് പ്രതി സ്ഥലത്തുനിന്നും മടങ്ങിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
സംഭവ സ്ഥലത്തേക്ക് സ്ത്രീയെ പ്രതി വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയം. അങ്ങനെയെങ്കിൽ പ്രതിക്ക് സ്ത്രീയുമായി മുൻപരിചയമുണ്ടോയെന്നും ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.