കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ നഗരസഭയിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. ഇടത് ചെയര്‍പേഴ്‌സണായ സതി ജയകൃഷ്ണനെതിരെയാണ് യുഡിഎഫ് പ്രമേയം കൊണ്ടുവന്നത്. ബിജെപി യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.

27 അംഗ ഭരണ സമിതിയിൽ 13 അംഗങ്ങളുള്ള ഇടതുമുന്നണി യുഡിഎഫ് വിമതനായ കെ.എം.അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണച്ചു. ആകെ 14 വോട്ടുനേടിയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്.

Read Also: ‘ഡാം തകര്‍ത്തത് ഞണ്ടുകള്‍’; മന്ത്രിയുടെ വീട്ടിലേക്ക് ഞണ്ടുകളെ എറിഞ്ഞ് എന്‍സിപി പ്രവര്‍ത്തകര്‍

നേരത്തെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മേൽക്കൈ നേടിയിരുന്നു. 13 ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലും, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും, അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 22 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് 17 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി അഞ്ചിടത്ത് വിജയം നേടി.

എല്‍ഡിഎഫിന്റെ ഏഴ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ 16-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വനജ കണ്ണന്‍ വിജയിച്ചു. മലമ്പുഴ പഞ്ചായത്ത് കടുക്കാംകുന്ന് വാര്‍ഡില്‍ ബിജെപിയിലെ സൗമ്യ വിജയിച്ചു. തൊടുപുഴ നഗരസഭ 23-ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മായ ദിനു വിജയിച്ച് സീറ്റ് നിലനിര്‍ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.