കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയില്‍ നടന്ന രഹസ്യ വിചാരണക്ക് ശേഷമാണ് വിധി പറയുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാമാണു കേസിലെ പ്രതി.
പ്രതിക്കെതിരെ പരമാവധി ശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ജിഷയുടേത് പീഡനത്തിനുമപ്പുറം കൊലപാതക കേസായാണ് കോടതി പരിഗണിച്ചതെങ്കിലും സാക്ഷികളുടെ സ്വകാര്യത മാനിച്ച് കേസില്‍ രഹസ്യ വിചാരണ നടത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിൽ വിധി പറയുന്നത്.
2016 ഏപ്രിൽ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്.