പെരുമ്പാവൂർ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധത്തിന് ഇന്ന് ഒരു വർഷം. 2016 ഏപ്രിൽ 28 നാണ് നിയമ വിദ്യാർഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു മകളെ മരിച്ച നിലയിൽ കണ്ടത്.
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നുവെന്നുമായിരുന്നു ജിഷയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ആദ്യം പെരുമ്പാവൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീട് സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്‌പി അനില്‍ കുമാറിനെ ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പി എ.ബി ജിജിമോന് ചുമതല നൽകി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ യുഡിഎഫ് സർക്കാർ നിയമിച്ച അന്വേഷണ സംഘത്തെ മാറ്റി. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുളള സംഘത്തിന് അന്വേഷണ ചുമതല നൽകി.
ഈ സംഘമാണ് കേസിലെ പ്രതിയായ അമീറുൽ ഇസ്‌ലാമിനെ ജൂൺ 16 ന് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനഫലത്തിൽനിന്നാണ് പ്രതി അമീറുൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അമീറിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുളളത്. കേസിൽ രഹസ്യ വിചാരണ നടന്നു വരികയാണ്.