തൊടുപുഴ: അപൂര് സസ്യങ്ങളുടെയും ജന്തുക്കളുടെയും ഈറ്റില്ലമായ പെരിയാര്‍ കടുവാ സങ്കേതം തുമ്പികളുടെ കണക്കെടുപ്പിന് ഒരുങ്ങുന്നു. നാളെ മുതൽ മൂന്ന് ദിവസമാണ് തുമ്പികളുടെ കണക്കെടുപ്പ് നടക്കുക. ഒക്ടോബര്‍ 27,28,29 തീയതികളിലായാണ് പെരിയാർ ഡ്രാഗൺഫ്ലൈ സർവ്വേ 2017 നടക്കുന്നത്.
ഡ്രാഗണ്‍ ഫ്ളൈ സൊസൈറ്റിയും പെരിയാര്‍ കടുവാ സങ്കേതവും ചേർന്നാണ് സര്‍വേ നടത്തുന്നത്. 15 ടീമുകളായി തിരിഞ്ഞാണ് കടുവാ സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വേ നടത്തുക. ഓരോ ടീമിലും ഒരു വിദ്ഗധന്, ഫൊട്ടോഗ്രാഫർ, സര്‍വേയില്‍ താല്പര്യമുള്ള രണ്ടു പേര് എന്നിവരുണ്ടാകും.
മൂന്നു ദിവസം നീളുന്ന സര്‍വേയുടെ ഭാഗമായി സംഘാംഗങ്ങള്‍ ജലാശയങ്ങള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചായിരിക്കും കണക്കെടുക്കുക. സര്‍വേയുടെ ആദ്യ ദിനമായ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്കായി പരിശീലന ക്യാമ്പ് നടത്തും. 29-ന് വൈകിട്ട് സംഘാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു തുമ്പികളുടെ സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണം പൂര്‍ത്തിയാക്കും.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുമ്പികളുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്നറിയാന്‍ ലക്ഷ്യമിട്ടാണ് സര്‍വേ നടത്തുന്നത്. പക്ഷികള്‍ക്കും മറ്റു ചെറു ജീവികള്‍ക്കും ആഹാരമായി മാറുന്ന തുമ്പികളുടെ ജീവിത ദൈര്‍ഘ്യം ഏതാനും ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെയാണ്. ആരോഗ്യകരമായ ജൈവവൈവിധ്യത്തിന്റെ സൂചനയാണ് ഓരോ പ്രദേശത്തെയും തുമ്പികളുടെ സാന്നിധ്യമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാലിന്യമില്ലാത്തതും വൃത്തിയുള്ളതുമായ ജലാശയങ്ങളിലാണ് ഇവ കൂടുതല്‍ സാന്നിധ്യമറിയിക്കുക. ജലാശയത്തിനു സമീപമുള്ള തുമ്പികളുടെ അസാന്നിധ്യം വിവിധ പ്രദേശങ്ങളിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ അവസ്ഥകൂടി തുറന്നു കാട്ടുന്നതാണ്. പെരിയാര്‍ കടുവാ സങ്കേതത്തിലെ വിവിധ പ്രദേശങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം മനസിലാക്കാനും തുമ്പി സര്‍വേ പ്രയോജനകരമാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. സര്‍വേയുടെ ഉദ്ഘാടനം നാളെ തേക്കടിയില്‍ പെരിയാര്‍ കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി കുമാര്‍ ഉദ്ഘാടനം ചെയ്യും.