കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുൻ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പേർക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കെ.വി.കുഞ്ഞിരാമനെ കൂടാതെ കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ഇവരെ പ്രതി ചേർത്ത് ഈ മാസം ആദ്യം സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് എല്ലാവരോടും കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നോട്ടീസ് ലഭിക്കാൻ വൈകിയതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് ഇവർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എൻ ബാലകൃഷ്ണൻ, പതിനൊന്നാം പ്രതി മണി എന്നിവർക്ക് ജാമ്യം നീട്ടി നൽകിയിരുന്നു.
കേസിൽ 24 പ്രതികളാണുള്ളത്. ഇതിൽ 16 പേർ ജയിലിലാണ്. കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് .ആയുധ നിരോധന നിയമം, പ്രതികള്‍ക്കു സംരക്ഷണം നല്കല് എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Also Read: പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ പ്രതിചേർത്തതായി സിബിഐ