കാഞ്ഞങ്ങാട്: പെരിയ ആയമ്പാറയിൽ താഴത്ത് പളളം വീട്ടിൽ സുബൈദയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മോഷണ ശ്രമം തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ബദിയഡുക്ക സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതിക്കായി വലവിരിച്ചതായി പൊലീസ് വ്യക്തമാക്കി.
സുബദയുമായി പരിചയമുളളവർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന സംശയമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. വീട്ടിനകത്ത് നിന്ന് ലഭിച്ച അടിവസ്ത്രം സുബൈദയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ മേശപ്പുറത്ത് രണ്ട് ഗ്ലാസുകളിലായി നാരങ്ങാവെളളം കലക്കി വച്ചതിന്റെ ഡിഎൻഎ പരിശോധനയാണ് പ്രതികളെ കുടുക്കിയത്.
അതേസമയം കസ്റ്റഡിയിലുളള പ്രതികളുടെ പേര് വിവരം പൊലീസ് വെളിപ്പെടുത്തിയില്ല. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് ഇക്കാര്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തിനകം രണ്ടാമത്തെ പ്രതിയും പിടിയിലാകുമെന്നും ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
“പിടിയിലായ പ്രതി കുറ്റം സമമ്മതിച്ചിട്ടുണ്ട്. 65കാരിയായ സുബൈദയ്ക്ക് ഇരുവരെയും നേരിട്ട് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇരുവരും വീട്ടിലെത്തിയത്. മോഷണ ശ്രമമായിരുന്നു ലക്ഷ്യം. സുബൈദയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും പണവും അപഹരിച്ചിട്ടുണ്ട്”, ഹൊസ്ദുർഗ് ഡിവൈഎസ്‌പി കെ.ദാമോദരൻ വ്യക്തമാക്കി.
ജനുവരി 19 നാണ് പെരിയ ആയമ്പാറയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുബൈദയെ കൈ കാലുകൾ ബന്ധിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഡിസംബറിൽ ചീമേനിയിലെ പുലയന്നൂരിൽ റിട്ട അദ്ധ്യാപിക വി.പി.ജാനകിയെ കവർച്ച സംഘം കൊലപ്പെടുത്തിയിരുന്നു.
ചീമേനി കൊലപാതകത്തിൽ തുമ്പുണ്ടാക്കാൻ സാധിക്കാതിരുന്നതും ഇതേ സമയത്ത് തന്നെ പെരിയയിൽ കൊലപാതകം നടന്നതും നാട്ടുകാരെ വലിയ ഭീതിയിൽ ആഴ്ത്തിയിരുന്നു. വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതിസ്ഥാനത്ത് എന്ന നിലയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ സന്ദേശങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി.സൈമൺ ഐഇ മലയാളത്തോട് പറഞ്ഞിരുന്നു.