കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ടവരുടെ ദേഹത്തുകണ്ട ആഴത്തിലുള്ള മുറിവ് കുറ്റപത്രത്തിലെ പരിഭാഷയിലുണ്ടായ പിഴവെന്ന് പ്രോസിക്യൂഷൻ. കുറ്റപത്രത്തിലെ പോരായ്‌മകൾ കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ പരാമർശം.

ഉരുണ്ടതും ചതുരാകൃതിയിലുമുള്ള ഇരുമ്പു പൈപ്പുകൾ കൊണ്ട് അടിച്ചാൽ എങ്ങനെയാണ് വടിവാൾകൊണ്ട് വെട്ടിയ മുറിവുകൾ ഉണ്ടാകുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബഞ്ചുത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം.

കൊല്ലപ്പെട്ട ശരത് ലാലിന്റെ തലയിൽ 4 സെന്റീ മീറ്റർ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രത്തിലെ മലയാളവും ഇംഗ്ലീഷ് പരിഭാഷയും പൊരുത്തപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മലയാളം അറിയാത്ത ഒരാൾ ബഞ്ചിലുണ്ടാവുമ്പോൾ തെറ്റിദ്ധരിപ്പിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

Read Also: പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണ ഉത്തരവിന് സ്റ്റേയില്ല

പരിഭാഷയിലെ പിഴവിന് പ്രോസിക്യൂഷൻ ക്ഷമാപണം നടത്തി. പിഴവ് കണക്കിലെടുക്കുന്നില്ലെന്നും കാര്യങ്ങൾ മനസിലാവുന്നുണ്ടെന്നും കോടതി പ്രതികരിച്ചു. കൊല്ലപ്പെട്ട ശരത് ലാലിന്റെ തലയിൽ 4 സെന്റീമീറ്റർ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, മലയാളവും ഇംഗ്ലീഷ് പരിഭാഷയും പൊരുത്തപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാർ മൃഗീയമായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണ ഉത്തരവിനു സ്റ്റേയില്ല. കേസ് അടിന്തര പ്രാധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. കേസിൽ തിങ്കളാഴ്ച്ച വാദം തുടരും.

ഒരു പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്‌തില്ലെന്നും പ്രതികൾ കീഴടങ്ങുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളിൽ നിന്ന് ആയുധം കണ്ടെടുത്തില്ല. അഞ്ചാം പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആയുധം കണ്ടെടുത്തതെന്നും ആയുധങ്ങളുടെ കാര്യത്തിൽ പ്രതികളുടെ ഭാഗത്തു നിന്നു കുറ്റസമ്മതം കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫോറൻസിക് റിപ്പോർട്ടിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇരുമ്പു പൈപ്പ് പെയോഗിച്ച് അടിച്ചതിന്റെ പരുക്കുകൾ കാണുന്നില്ല. എന്നാൽ, ഇരുമ്പു പൈപ്പുകൾ കൊണ്ട് അടിച്ചു എന്നാണ് പ്രോസിക്യൂഷൻ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.