കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. സിപിഎമ്മുകാർ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.
Also Read: ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണസംഘം കേരളത്തിലേക്ക്
കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സര്ക്കാര്. പ്രതികളെല്ലാം അറസ്റ്റിലായന്നും ഉന്നത ഗൂഢാലോചനയ്ക്ക് തെളിവില്ലന്നുമാണ് സർക്കാർ വാദം. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സർക്കാർ ബോധിപ്പിച്ചു. സർക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ മനീന്ദർ സിങ്ങാണ് ഹാജരായത്.
Also Read: ശബരിമല ദർശനത്തിന് യുവതികൾ; ആന്ധ്രയിൽ നിന്നെത്തിയ പത്തംഗ സംഘത്തെ തിരിച്ചയച്ചു
അതേസമയം അന്വേഷണത്തിന് ഡിവിഷൻ ബഞ്ചിന്റെ അനുമതി കാക്കുകയാണെന്ന് സിബിഐ അറിയിച്ചു. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കമെന്നു സിബിഐ അറിയിച്ചു .സി ബി ഐ നിലപാട് കോടതി രേഖപ്പെടുത്തി .
Also Read: തരംതാഴ്ത്തിയ ഡിവൈഎസ്പിമാരെ അതേ ചുമതലയിൽ നിയമിക്കാൻ ഉത്തരവ്
രണ്ട് ചെറുപ്പക്കാരെ ക്രൂരമായി കൊല ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്നും സിപിഎം ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും വാദിഭാഗം ബോധിപ്പിച്ചു. കൊലപാതകത്തിനു മുൻപും ശേഷവും ഗൂഢാലോചന നടന്നെന്നും കൊലയ്ക്കുശേഷം പ്രതികളെ സിപിഎം ഓഫീസിലേക്ക് കൊണ്ടുപോയത് ഇതിനു തെളിവാണന്നും വാദിഭാഗത്തിനു വേണ്ടി അഭിഭാഷകൻ എ .ആസഫലി ബോധിപ്പിച്ചു.
ഭരണകക്ഷി അംഗങ്ങൾ തന്നെ പ്രതികളായ കേസ് പൊലീസ് അന്വേഷിച്ചാൽ തെളിയില്ലന്നും കേരള പൊലീസ് കേസ് അന്വേഷിക്കുന്നത് കോഴിയെ നോക്കാൻ കുറുക്കനെ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും ആസഫലി ചൂണ്ടിക്കാട്ടി.