കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ രണ്ടു സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തു. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ചതിനു പ്രതികളെ സഹായിച്ചതിനുമാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഒളിവിൽ പോകാൻ മണികഠ്ണൻ സഹായിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

ഫെബ്രുവരി 17 ന് രാത്രിയാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് ലാൽ (23) എന്നിവർ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കൃപേഷിന്റെ തലയിൽ 13 സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റിരുന്നു. ശരത് ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടേറ്റിരുന്നു.

Read: പെരിയ ഇരട്ട കൊലപാതകം: ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു

മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർഥിയും കല്യോട് സ്വദേശിയുമായ കെഎസ്‌യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിൽ സംഘർഷം തുടങ്ങിയത്. സംഭവം ചോദ്യം ചെയ്ത് കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായിരുന്നു ശരത് ലാൽ. കേസിൽ ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത്‌ ലാൽ കൊല്ലപ്പെട്ടത്.

സിപിഎം പ്രാദേശിക നേതാവ് എ.പീതാംബരൻ ആണ് കേസിലെ ഒന്നാം പ്രതി. കൊലപാതകത്തിന്റെ ആസൂത്രകനും പീതാംബരനാണ്. സജി സി. ജോർജ്, സുരേഷ്, അനിൽകുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപൻ എന്നിവരാണ് രണ്ടു മുതൽ 11 വരെ പ്രതികൾ. എട്ടാം പ്രതി സുബീഷ് ഗൾഫിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.

കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. മേയ് 25 നാണ് ഹർജി പരിഗണിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.