കാസർഗോർഡ്: പെരിയ ഇരട്ടകൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍ എന്നും നേരത്തെ നടന്ന അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്കു വേണ്ടിയാണെന്ന് ഭാര്യ മഞ്ജു പറയുന്നു. കാര്യം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി പീതാംബരനെ തള്ളിപ്പറയുകയാണെന്നും ഭാര്യയും മകള്‍ ദേവികയും പറയുന്നു. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ പീതാംബരനെ തള്ളിപ്പറയുന്നതെന്നും മകള്‍ ദേവിക പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ പീതാംബരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ചൊവ്വാഴ്ചയാണ് പൊലീസ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ തനിക്ക് നേരിട്ടു പങ്കുണ്ടെന്ന് പീതാംബരന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൃപേഷിനെ തലയ്ക്കു വെട്ടിയത് താനാണെന്നും തന്നെ ആക്രമിച്ചതിന്റെ ദേഷ്യം കൊണ്ടാണ് കൊല ചെയ്തതെന്നും പീതാംബരന്‍ പറഞ്ഞു.

ഇവര്‍ തന്നെ ആക്രമിച്ച കാര്യം പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി കാര്യമായി ഒന്നും ചെയ്തില്ലെന്നും ഒരു ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്നും ഈ അപമാനം സഹിക്കാനാകാതെയാണ് താന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ പൊലീസിന് മൊഴി നല്‍കി.

പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന സ്ഥലത്ത് കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയതിനു ശേമായിരിക്കും മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ