കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചേക്കും. സന്ദര്‍ശനത്തിന് താത്പര്യമറിയിച്ച് സിപിഎം കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു. എന്നാല്‍ വീട് സന്ദര്‍ശനത്തിന് കാസര്‍ഗോഡ് ഡിസിസി അനുമതി നല്‍കിയില്ല. എന്നാൽ മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് അന്തരീക്ഷം കലുഷിതമായിരിക്കെയാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് എത്തുന്നത്. വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തിന് കാസര്‍ഗോട്ട് സിപിഎമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി.

അതേസമയം കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

നേരത്തെ കേസില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരുന്നു. കേസില്‍ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. കെഎം സുരേഷ്, കെ അനില്‍ കുമാര്‍, അശ്വിന്‍,ശീരാഗ്,ഗിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഉടമയായ സജി ജോര്‍ജിനെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസില്‍ ഇതുവരേയും ഏഴ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേസില്‍ സിപിഎം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരന്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പീതാംബരനും നിലവില്‍ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ