കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍ ആണെന്ന് ഹര്‍ജി ഭാഗം. പെരിയയില്‍ രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ക്രൂരമായ സംഭവമാണെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ പരാമര്‍ശം. ജഡ്ജി നടത്തിയ പരാമര്‍ശത്തോട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും യോജിച്ചു. ക്രൂരമായ കൊലപാതകമാണെന്നതില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More: പെരിയ ഇരട്ടക്കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമെങ്ങനെ വ്യക്തി വൈരാഗ്യമായെന്ന് ഹൈക്കോടതി
എന്തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി ഹര്‍ജി ഭാഗത്തോട് ആരാഞ്ഞു. രണ്ട് യുവാക്കളെ വെട്ടിക്കൊന്നത് രാഷ്ട്രീയ പകപോക്കല്‍ ആയിരുന്നുവെന്നും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിനു മുന്‍പും ശേഷവും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹര്‍ജി ഭാഗം വാദിച്ചു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടും. പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും ഹര്‍ജി ഭാഗം വാദിച്ചു.
Read More: പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാവ് ഒന്നാം പ്രതി
രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ അത് വ്യക്തി വൈരാഗ്യമെന്നായി. അന്വേഷണ വിവരങ്ങള്‍ ചോരുന്നുണ്ടെന്നും പൊലീസില്‍ ചാരനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഈ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഇത് ഉന്നത ഇടപെടല്‍ മൂലമാണെന്നും ഹര്‍ജി ഭാഗം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസ് കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി.