കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പേരാണ് കേസില്‍ പ്രതികള്‍. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പീതാംബരന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 14 പ്രതികളില്‍ മൂന്ന് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Read More: പെരിയ ഇരട്ടക്കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടി
ഫെബ്രുവരി 17 ന് രാത്രിയാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് ലാൽ (23) എന്നിവർ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കൃപേഷിന്റെ തലയിൽ 13 സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റിരുന്നു. ശരത് ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടേറ്റിരുന്നു.
മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർഥിയും കല്യോട് സ്വദേശിയുമായ കെഎസ്‌യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിൽ സംഘർഷം തുടങ്ങിയത്. സംഭവം ചോദ്യം ചെയ്ത് കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായിരുന്നു ശരത് ലാൽ. കേസിൽ ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത് ലാൽ കൊല്ലപ്പെട്ടത്.
കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. മേയ് 25 നാണ് ഹർജി പരിഗണിക്കുക.
കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികളായ സജി ജോസ്, രഞ്ജിത്ത്, മുരളി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം. കേസിൽ കുറ്റപത്രം ഇന്ന് രാവിലെ നൽകിയതായി പൊലീസ് കോടതിയെ അറിയിച്ചു. കേസ് ഡയറി നാളെത്തന്നെ ഹാജരാക്കണമെന്നും സാവകാശം അനുവദിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.