കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് പര്യാപ്തമായ കാര്യങ്ങള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ഹൈക്കോടതി പരാമര്‍ശം. സിബിഐ അന്വേഷണം എന്ന ആവശ്യം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി.

ഇരട്ടക്കൊലപാതക കേസില്‍ എന്ത് അന്വേഷണമാണ് നടന്നതെന്ന് കോടതി ചോദിച്ചു. ഒരു പ്രതിയെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ എല്ലാവരും കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ മുറയ്ക്ക് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സീല്‍ ചെയ്ത ചാക്കിലെ ആയുധങ്ങള്‍ എന്തുകൊണ്ട് ഫോറന്‍സിക് സര്‍ജന്‍ പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചു.

Read More: പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സിബിഐ അന്വേഷണത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അന്വേഷണം തൃപ്തികരമാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. കേസ് ജൂലൈ 10 ലേക്ക് മാറ്റി.

Read More: പെരിയ ഇരട്ടക്കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമെങ്ങനെ വ്യക്തി വൈരാഗ്യമായെന്ന് ഹൈക്കോടതി

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജാമ്യാപേക്ഷ മാറ്റണമെന്ന ആവശ്യത്തിലായിരുന്നു പ്രോസിക്യൂഷനെ വിമര്‍ശിച്ചത്. ജാമ്യാപേക്ഷ മാറ്റാനാവില്ലെന്നും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് കേസ് നീട്ടാനാവില്ലെന്നും ജസ്റ്റീസ് സുധീന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷയിലെ തീർപ്പിൽ ആർക്കെങ്കിലും പരാതിയുണ്ടങ്കിൽ അവർക്ക് സുപ്രീം കോടതിയിൽ പോകാമെന്നും കോടതിക്ക് കാത്ത് നിൽക്കാനാവില്ലന്നും ജഡ്ജി വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍ ആണെന്ന് ഹര്‍ജി ഭാഗം ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. പെരിയയില്‍ രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ക്രൂരമായ സംഭവമാണെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ പരാമര്‍ശം. ജഡ്ജി നടത്തിയ പരാമര്‍ശത്തോട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും യോജിച്ചു. ക്രൂരമായ കൊലപാതകമാണെന്നതില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി ഹര്‍ജി ഭാഗത്തോട് ആരാഞ്ഞു. രണ്ട് യുവാക്കളെ വെട്ടിക്കൊന്നത് രാഷ്ട്രീയ പകപോക്കല്‍ ആയിരുന്നുവെന്നും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിനു മുന്‍പും ശേഷവും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹര്‍ജി ഭാഗം വാദിച്ചു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടും. പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും ഹര്‍ജി ഭാഗം വാദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.