കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് സർവകക്ഷി സമാധാന യോഗം. ഉയ്ക്ക് രണ്ട് മണിക്ക് കലക്ടറേറ്റിലാണ് യോഗം. മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

മുഴുവന്‍ പാര്‍ട്ടികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അതേസമയം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തിന് ഇന്ന് തുടക്കമാകും. പത്ത് മണിമുതല്‍ സിവില്‍സ്റ്റേഷന് മുന്നിലാണ് ഉപവാസം. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. ശരത്‌ലാലിനേയും കൃപേഷിനേയും സംസ്‌കരിച്ചിടത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ മുഖ്യ പ്രതിയായ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. പൊലീസ് തന്നെ മർദിച്ച് സമ്മതിപ്പിച്ചതാണെന്നായിരുന്നു പീതാംബരന്‍ കോടതിയില്‍ പറഞ്ഞത്. പൊലീസ് ഭീഷണിപ്പെടുത്തിയതായും പീതാംബരന്‍ പറഞ്ഞു.

കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.