കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടതിനെതിരായ കേസിൽ സർക്കാർ അഭിഭാഷകനെ മാറ്റി. സിംഗിൾ ബഞ്ചുത്തരവിനെതിരെ സ്റ്റേ ലഭിക്കാത്തതിനാലാണ് സർക്കാർ അഭിഭാഷകനെ മാറ്റിയത്. പുതിയ അഭിഭാഷകൻ സർക്കാരിനായി ഹാജരാകും.

സർക്കാരിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് ഇന്നു ഹാജരാകുക. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു മനീന്ദർ സിംഗ്.

സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത്ത് ആയിരുന്നു കഴിഞ്ഞ ദിവസം സർക്കാരിനുവേണ്ടി ഹാജരായത്. 25 ലക്ഷം രൂപയാണ് സർക്കാർ രഞ്ജിത് സിംഗിന് ഫീസായി നൽകിയത്. കേസ് സിബിഐക്ക് വിട്ട സിംഗിൾ ബഞ്ചുത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിന്റെ വാദത്തിനിടെ കുറ്റപത്രത്തിലെ പോരായ്‌മകൾ ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: യുഎപിഎ അംഗീകരിക്കാനാകില്ല; പൊലീസ് നടപടി തെറ്റ്: സീതാറാം യെച്ചൂരി

ഇരകളുടെ ദേഹത്തുകണ്ട ആഴത്തിലുള്ള മുറിവിനെക്കുറിച്ച് കുറ്റപത്രത്തിലെ പരാമർശം ഇംഗ്ലീഷ് പരിഭാഷയിൽ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ തടിയൂരിയത്.

ഉരുണ്ടതും ചതുരാകൃതിയിലുമുള്ള ഇരുമ്പു പൈപ്പുകൾ കൊണ്ട് അടിച്ചാൽ എങ്ങനെയാണ് വടിവാൾകൊണ്ട് വെട്ടിയ മുറിവുകൾ ഉണ്ടാകുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബഞ്ചുത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം.

കൊല്ലപ്പെട്ടവരുടെ ദേഹത്തുകണ്ട ആഴത്തിലുള്ള മുറിവ് കുറ്റപത്രത്തിലെ പരിഭാഷയിലുണ്ടായ പിഴവെന്ന് പ്രോസിക്യൂഷൻ പറയുകയായിരുന്നു. കുറ്റപത്രത്തിലെ പോരായ്‌മകൾ കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ പരാമർശം.

കൊല്ലപ്പെട്ട ശരത് ലാലിന്റെ തലയിൽ 4 സെന്റീ മീറ്റർ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രത്തിലെ മലയാളവും ഇംഗ്ലീഷ് പരിഭാഷയും പൊരുത്തപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മലയാളം അറിയാത്ത ഒരാൾ ബഞ്ചിലുണ്ടാവുമ്പോൾ തെറ്റിദ്ധരിപ്പിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.