മലപ്പുറം: പെരിന്തൽമണ്ണയിലെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫീസ് എസ്എഫ്ഐ പ്രവത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് താലൂക്ക് തലത്തിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറ് വരെയാണ്. ഇതുവരെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്നിക്കിൽ സ്ഥാപിച്ച എംഎസ്എഫിന്റെ കൊടിമരം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ഹർത്താലിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊടിമരം തകർക്കപ്പെട്ടത്. എസ്എഫ്ഐയുടെ കോട്ടയായ ക്യാംപസിൽ സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകരാണ് തകർത്തത് എന്നാരോപിച്ച് മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പ്രവർത്തകർ കോളേജ് ക്യാംപസിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയിരുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ അറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളേജിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. സംഘർഷം തടയാൻ എത്തിയ കോളേജിലെ അധ്യാപകരെയും ലീഗ് പ്രവർത്തകർ മർദ്ദിച്ചു.

ഇതിന് മറുപടിയെന്നോണമാണ് എസ്എഫ്ഐ പ്രവർത്തകർ പെരിന്തൽമണ്ണ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫീസിന് മുന്നിലെത്തിയതോടെ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനകത്തേക്ക് കയറി. ഓഫീസ് മുറിയിൽ ഉണ്ടായിരുന്ന ഫർണ്ണിച്ചറുകൾ എല്ലാം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തകർ നശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന ലീഗ് പ്രവർത്തകർക്കും മർദ്ദനമേറ്റു. യൂണിഫോം ധരിച്ചെത്തിയ നൂറിലേറെ വരുന്ന വിദ്യാർത്ഥികളാണ് പട്ടാപ്പകൽ ജനങ്ങൾ നോക്കിനിൽക്കേ ഓഫീസ് അടിച്ചുതകർത്തത്. ഇതേ തുടർന്നാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.