മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പെരിന്തല്‍മണ്ണയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍. സംഭവത്തില്‍ നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നതെന്നു കമ്മിഷന്‍ പറഞ്ഞു.
പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ താക്കീത് ചെയ്ത് മാത്രം വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
പ്രണയം നിരസിച്ചതിനെത്തതുടര്‍ന്നുണ്ടായ പകയില്‍ പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യ (21)യാണ് കുത്തേറ്റു മരിച്ചത്. എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ദൃശ്യയുടെ പ്ലസ് ടു കാലത്തെ സഹപാഠി പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദാ(21)ണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതിയെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍വച്ചാണ് കുത്തിയത്. ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
Also Read: ദൃശ്യ ഇരയായത് മുൻ സഹപാഠിയുടെ കൊലക്കത്തിക്ക്; നിരന്തരം ശല്യം ചെയ്തു
ദൃശ്യയുടെ നിലവിളി കേട്ട് ഓടിവന്ന് ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ(13)യ്ക്കും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ദേവശ്രീ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചിലും കയ്യിലും കുത്തേറ്റിട്ടുണ്ട്. സംഭവസമയം ദൃശ്യയും സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നതായി മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു വനിതാ കമ്മിഷന്റെ പ്രതികരണമുണ്ടായത്.
പ്ലസ് ടു മുതല്‍ ദിവ്യയുടെ പുറകേ പ്രണയാഭ്യര്‍ത്ഥനയുമായി യുവാവ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. ടോയ്‌സ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിനു പിന്നില്‍ വിനീഷ് ആണെന്ന സംശയം പൊലീസിനുണ്ട്.
തീപിടിത്തത്തില്‍ മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഗോഡൗണ്‍ ഉള്‍പ്പെടെ പത്ത് കടമുറികളിലെ സാധനങ്ങള്‍ മുഴുവന്‍ കത്തിനശിച്ചിരുന്നു. പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഒരുമണിക്കൂര്‍ നീണ്ട ശ്രമഫലമായാണ് തീ അണച്ചത്.