കൊച്ചി: മൂന്നാമത്തെ സൈറൺ മുഴങ്ങി, ഒമ്പത് സെക്കൻഡുകൾക്കുള്ളിൽ 17 നിലകളുള്ള ജെയിൻ കോറൽ കോവ് നിലം പതിച്ചു. എല്ലാം വിചാരിച്ചതു പോലെ ‘പെർഫെക്‌ട്, സക്‌സസ്’ എന്ന് എഡിഫിസിന്റെ എംഡി ഉത്കർഷ് മേത്ത. ആദ്യ ദിവസത്തെക്കാൾ വിജയകരമായിരുന്നു രണ്ടാം ദിവസത്തെ സ്ഫോടനമെന്ന് നിസംശയം പറയാം.

എല്ലാം ആസൂത്രണം ചെയ്ത പോലെ നടന്നെന്ന് കലക്‌ടർ ജില്ലാ കലക്ടർ എസ്.സുഹാസും പ്രതികരിച്ചു. ഓപ്പറേഷൻ വിജയകരമായിരുന്നു. സ്ഫോടനം കൃത്യമായിരുന്നു. ആസൂത്രണം ചെയ്ത സ്ഥലത്ത് തന്നെ അവശിഷ്ടങ്ങൾ പതിച്ചെന്നും കലക്ടർ പറഞ്ഞു.

Read More: Kochi Maradu Flats Demolition Live Updates: ജെയിൻ കോറൽകോവ് നിലംപൊത്തി; ഇനി ഗോൾഡൻ കായലോരം

സമീപത്തുള്ള വീടുകൾക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല. പരിസരപ്രദേശങ്ങളിലും അപകടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കായലിൽനിന്നു മൂന്ന് മീറ്റർ അകലെ, കെട്ടിടത്തിന്റെ മതിൽക്കെട്ടിനുള്ളിലാണ് അവശിഷ്ടങ്ങൾ പതിച്ചത്. നേരിയ തോതിൽ മാത്രമേ അവശിഷ്ടങ്ങൾ കായലിലേക്ക് വീണിട്ടുള്ളൂവെന്ന് ചുരുക്കം. കൂറ്റൻ കെട്ടിടം നിന്നിരുന്ന സ്ഥാനത്ത് ചീട്ട് അടുക്കിവച്ചതു പോലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രം.

ജെയിന്‍ കോറല്‍കോവിന് സമീപമുളള വീടുകളിലെ ആളുകളെ രാവിലെ ഒൻപതോടെ ഒഴിപ്പിച്ചു. മുഴുവന്‍ റോഡുകളും രാവിലെ 10.30 ന് ബാരിക്കേഡുകള്‍ ഉപയോഗിച്ചു ബ്ലോക്ക് ചെയ്തു. പിന്നീട് ആ വഴിയിലൂടെ യാത്ര അനുവദിച്ചില്ല. സ്ഫോടനത്തിന്റെ ഭാഗമായുള്ള ആദ്യ സെെറൺ 10.30 ന് മുഴങ്ങി. രണ്ടാമത്തെ സെെറൺ മുഴങ്ങിയത് 10.55 നാണ്. കൃത്യം 11 ന് തന്നെ മൂന്നാമത്തെ സെെറൺ മുഴങ്ങി സ്ഫോടനം പൂർത്തിയായി.

പൊളിക്കുന്ന ഫ്ലാറ്റുകളിൽവച്ച് ഏറ്റവും വലിയ കെട്ടിടമാണ് ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 16 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.