കോഴിക്കോട്: അമ്മയില്‍നിന്നു വിട്ടുപോയ ‘പിഞ്ചുകുഞ്ഞിനു’വേണ്ടി ഒരു ദിവസത്തെ തൊഴിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ് ഒരുകൂട്ടം തൊഴിലാളികള്‍. ‘കുഞ്ഞ്’ ചില്ലറക്കാരനല്ല, അതൊരു ആനയാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എസ്റ്റേറ്റിലാണു സംഭവം.

എസ്‌റ്റേറ്റിലെ റബര്‍ ടാപ്പിങ് തൊഴിലാളികളാണ് ആനക്കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ ഇന്നു രാവിലെ ആറിനു കണ്ടത്. നാലോ അഞ്ചോ ദിവസമാണ് ആനക്കുട്ടിയുടെ പ്രായം. സംഭവസ്ഥലത്തിനു 150 മീറ്റര്‍ അകലെയായി അമ്മ ഉള്‍പ്പെടുന്ന പതിനഞ്ചോളം ആനകളുള്ള കൂട്ടം നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും കുട്ടിയുടെ അടുത്തേക്കു വരുന്നില്ല.

elephant, ie malayalam

കുട്ടിയെ ആനക്കൂട്ടത്തിലെത്തിക്കാനുള്ള ശ്രമത്തിലാണു വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്‌റ്റേറ്റ് അധികൃതരും. മനുഷ്യസാന്നിധ്യം കണ്ടാല്‍ ആനക്കുട്ടിയുടെ അടുത്തേക്ക് ആനക്കൂട്ടം വരാനുള്ള സാധ്യത വിരളമാവും. മാത്രമല്ല ഇവ അക്രമകാരികളാകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് എസ്‌റ്റേറ്റിലെ എ-4 ബ്ലോക്കിലെ മുപ്പതോളം താല്‍ക്കാലിക റബര്‍ ടാപ്പിങ് തൊഴിലാളികള്‍ അധികൃതരുമായി ആലോചിച്ചശേഷം ഇന്ന് പ്രവൃത്തി ഉപേക്ഷിച്ചത്. ഇതിനു പകരമായി ഞായറാഴ്ച പ്രവൃത്തിദിനമായി ലഭിക്കുമെന്ന് എ-4 ബ്ലോക്കിലെ സൂപ്പര്‍വൈസര്‍ എം.വി.സതീഷ് ബാബു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: എല്ലാം കടുവയല്ല, ചിലത് ‘കടലാസ് പുലികൾ’; സർവേയിൽ പിഴവ്

എസ്‌റ്റേിലെ റോഡിനോടു ചേര്‍ന്ന് പെരുവണ്ണാമൂഴി അണക്കെട്ട് റിസര്‍വോയറിന്റെ ഭാഗമായുള്ള പുഴത്തീരത്താണ് ആനക്കുട്ടിയെ ടാപ്പിങ് തൊഴിലാളികള്‍ കണ്ടെത്തിയത്. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി, ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

സാധാരണഗതിയില്‍ ആനക്കൂട്ടത്തില്‍നിന്ന് കുട്ടികള്‍ ആകസ്മികമായി വിട്ടുപോകുകയോ അല്ലെങ്കില്‍ അമ്മ ബോധപൂര്‍വം ഉപേക്ഷിക്കുകയോ ചെയ്യാറുണ്ട്. ആരോഗ്യം തീരെ കുറഞ്ഞ കുട്ടികളെയാണു തള്ളയാന ഉപേക്ഷിക്കുക. എന്നാല്‍ പേരാമ്പ്ര എസ്‌റ്റേറ്റില്‍ കണ്ടെത്തിയ ആനക്കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു വനംവകുപ്പ് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റര്‍ കെ.എം.ബാബു പറഞ്ഞു.

ആനക്കുട്ടിയെ ഇന്നു വൈകുന്നേരത്തോടെ ആനക്കൂട്ടം വന്ന് കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അതുണ്ടായില്ലെങ്കില്‍ താമരശേരിയിലെയോ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെയോ മൃഗാശുപത്രിയില്‍ ആനക്കുട്ടിക്കു ചികിത്സ നല്‍കാനാണ് ആലോചന. തുടര്‍ന്ന് വയനാട് മുത്തങ്ങയിലെ ആനക്കൊട്ടിലിലേക്കു മാറ്റും. പേരാമ്പ്ര എസ്‌റ്റേറ്റിന്റെ നാലു ഭാഗവും കാടായതിനാല്‍ ഈ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങുന്നതും നാശനഷ്ടം വരുത്തുന്നതും പതിവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.