പ്രാദേശിക വികസനത്തിനു പങ്കാളിത്ത മാതൃകയിലൂടെ കേരളത്തില്‍ പുതിയ വികസന ചരിത്രവും വിവാദ ചരിത്രവുമെഴുതിയ ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം വരവിന് കേരളം. രണ്ടു പതിറ്റാണ്ടിനു ശേഷമാണു കേരളത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നടത്താനൊരുങ്ങുന്നത്. 1996-ല്‍ എൽഡിഎഫ് സര്‍ക്കാര്‍ ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് നടപ്പിലാക്കിയതാണ് ജനകീയാസൂത്രണം. ഈ പങ്കാളിത്ത വികസന പദ്ധതി ആദ്യഘട്ടം കഴിഞ്ഞപ്പോൾ കേരളത്തിലെ സിപിഎമ്മിനെ പിടിച്ചുലച്ച വിവാദങ്ങളുടെ പത്തായം തുറന്നിട്ടു. ദേശാഭിമാനി ആഴ്ചപതിപ്പിന്റ പത്രാധിപരായിരുന്ന എം.എൻ.വിജയനും സിപിഎമ്മിലെ ഒരു വിഭാഗവും ഈ പദ്ധതിക്കെതിരെ രംഗത്തു വന്നു. സാമ്രാജ്യത്വ അജണ്ടയാണെന്നായിരുന്നു ആരോപണം. 2003ൽ നടന്ന മലപ്പുറത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടെ ഈ വിവാദം കത്തിപ്പടർന്നു. സിപിഎമ്മിലെ ഗ്രൂപ്പ് പോരിന്റെ എരിതീയിൽ എണ്ണയായി ജനകീയാസൂത്രണം ഒഴുകി. വളരെക്കാലമായി സി പി എമ്മിൽ പലരൂപത്തിൽ നിലനിന്നിരുന്ന വിഭാഗീയതയുടെ ആളിക്കത്തിക്കലാണ് ജനകീയാസൂത്രണം, നാലാംലോകം എന്നീ വിവാദങ്ങളിലൂടെ സംഭവിച്ചത്.

ദേശാഭിമാനി ആഴ്ചപതിപ്പനൊപ്പം സി പിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെപി സി ടി എ എന്ന അധ്യാപക സംഘടനാ നേതാവായിരുന്ന എസ്.സുധീഷിന്റ നേതൃത്വത്തിൽ ഇറങ്ങിയിരുന്ന പാഠം എന്ന പ്രസിദ്ധീകരണത്തിന്റ പത്രാധിപരും എം.എൻ.വിജയനായിരുന്നു. എം. എൻ. വിജയൻ പാഠത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ജനകീയാസൂത്രണത്തെ എതിർത്തു. തന്റെ എതിർപ്പ് കടുപ്പിച്ച എം.എൻ.വിജയൻ മലപ്പുറം സമ്മേളനം കഴിഞ്ഞ് അധികം വൈകാതെ ദേശാഭിമാനി ആഴ്ചപതിപ്പിന്റെ പത്രാധിപ സ്ഥാനത്തു നിന്നും രാജിവയ്ക്കുകയും ചെയ്തു. രാജിയും രാഷ്ട്രീയപ്രവർത്തനമാണെന്ന് പ്രസിദ്ധമായ പ്രസ്താവന അദ്ദേഹം നടത്തുന്നതും ഈ സമയത്താണ്. വിജയൻമാഷുടെ ആരാധകരിൽ സിപിഎമ്മിന്റെ അണികളായ ഭൂരിപക്ഷവും സിപിഎമ്മിന്റ​​ ഔദ്യോഗിക പക്ഷത്തിനെതിരെ തിരിഞ്ഞു. ഇതിന്റെ ഭാഗമായി സിപിഎമ്മിലെ പലതലത്തിലുള്ള നിരവധി പേർ പുറത്താക്കപ്പെട്ടു. അവരിൽ പലരും പുതിയ സംഘടനകളും ഗ്രൂപ്പുകളുമായി ഇപ്പോഴും തുടരുന്നു. ചിലരെല്ലാം സിപിഎമ്മിലേയ്ക്കു തന്നെ മടങ്ങി. അന്ന് ജനകീയാസൂത്രണത്തെ ശക്തമായി എതിർത്ത് ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്ത ബർലിൻ കുഞ്ഞനന്തൻ നായർ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപി​എമ്മിനോട് സഹകരിച്ച് പ്രവർത്തിച്ചു തുടങ്ങി.

ജനകീയാസൂത്രണ- നാലാംലോക വിവാദങ്ങളുടെ പേരിൽ ഈ പദ്ധതികളുടെ പാർട്ടിയുടെ ഔദ്യോഗിക നിലപാടിനൊപ്പം നിന്നവരിൽ ചിലരും നടപടിനേരിട്ടു. നാലാംലോക വാദം ഉന്നയിച്ച ഡോ. എം.പി.പരമേശ്വരന് പുറമെ ഡോ. ബി.ഇക്ബാൽ, ഡോ. ജോയി ഇളമൺ​ എന്നിവരും പാർട്ടി നടപടി നേരിട്ടു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിമർശന വിധേയവരാണ് അന്നത്തെ ആസൂത്രണ ബോർഡംഗമായിരുന്ന ഇന്നത്തെ ധനമന്ത്രി തോമസ് ഐസക്കും പൊളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബിയും.

ഇന്നും ജനകീയാസൂത്രണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുടെ നിശിതമായ വിമർശകരാണ് നടപടി നേരിട്ട കെ.സി.ഉമേഷ് ബാബു, ഡോ. ആസാദ് , കെ.എസ്.ഹരിഹരൻ എന്നിവർ.

രണ്ട് പതിറ്റാണ്ട് പിന്നിട്ട ശേഷം പദ്ധതി വീണ്ടും നടപ്പിലാക്കാൻ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ തയാറെടുക്കുമ്പോൾ പാർട്ടി പഴയ വിവാദങ്ങളൊക്കെ അടച്ചു വയ്ക്കുകയാണ്. എങ്കിലും പഴയ വിമർശകർ വീണ്ടും ഇതിനെതിരെ രംഗത്തു വരുമെന്ന ആശങ്കയും സിപിഎമ്മിലെയും സർക്കാരിലെയും ചിലർക്കുണ്ട്. രണ്ടാം ഘട്ടം പുതിയ വിവാദങ്ങൾക്കും സാമൂഹികശാസ്ത്ര സംവാദങ്ങൾക്കും വഴി തുറക്കുമോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.