കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ കക്കൂസ് മാലിന്യ ടാങ്ക് ജനവാസകേന്ദ്രത്തില്‍ നിന്നും മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ‘ജന ആരോഗ്യ സംരക്ഷണ സമിതി’യുടെ അനിശ്ചിതകാല നിരാഹാരം. രാമന്തളി പഞ്ചായത്തില്‍ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നിടത്തുനിന്നും മാറ്റി സ്ഥാപിച്ച മാലിന്യ ടാങ്കിലെ വെള്ളം സമീപത്തെ കിണറുകളിലേക്ക് അരിച്ചിറങ്ങി ജനങ്ങളുടെ കുടിവെള്ളത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് സമരം ആരംഭിക്കുന്നത്.

സമരം ആരംഭിച്ച ഘട്ടത്തില്‍ പ്രശ്നപരിഹാരത്തിനായി കലക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പത്തു ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തുമെന്നു പറഞ്ഞു. പക്ഷേ തുടര്‍നടപടികള്‍ എടുക്കുന്നതിനു പകരം ”സുവേജ് ടാങ്ക് ജല മലിനീകരണത്തിനു കാരണമാകുന്നില്ല” എന്ന നേവിയുടെ നിലപാട് ആവര്‍ത്തിക്കുകയാണ് പിന്നീട് കലക്ടർ ചെയ്തതെന്നു സമരസമിതി പറയുന്നു.

ജന ആരോഗ്യ സംരക്ഷണ സമിതി, jana aarogya samrakshana samithi, payyannur, naval academy

കളക്റ്റര്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായ ജന ആരോഗ്യ സമിതി പുറത്തുവിട്ട പോസ്റ്റര്‍. മുകളിലെ ചിത്രത്തില്‍ കിണറ്റിലെ മലിനജലം കാണാം.

“കക്കൂസ് മാലിന്യം വികേന്ദ്രീകരിച്ച് അക്കാദമിയുടെ ഉള്ളില്‍ തന്നെ കൂടുതല്‍ ചെറിയ ടാങ്കുകള്‍ കെട്ടുക” എന്ന ആവശ്യം ആദ്യഘട്ടത്തില്‍ അംഗീകരിച്ചിരുന്ന നാവിക അക്കാദമി പ്രതിനിധികള്‍ പിന്നീട് ആ അഭിപ്രായത്തെ പാടെ തിരസ്കരിക്കുകയായിരുന്നു. മാലിന്യ- നിയന്ത്രണ ബോർഡിന്‍റെ അനുവാദത്തോടെയല്ല അവിടെ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ സാധാരണയില്‍ കവിഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്.” – രാമന്തളി പഞ്ചായത്ത് പ്രസിഡന്‍റ് എം.വി.ഗോവിന്ദന്‍ പറയുന്നു.

സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികള്‍ നാവിക അക്കാദമി ഗേറ്റിനടുത്ത് പന്തല്‍ കെട്ടി സമരം ചെയ്യുകയാണ് ഇപ്പോള്‍. ഇരുപത്തഞ്ചു ദിവസം പിന്നിട്ട സമരം കഴിഞ്ഞ രണ്ടു ദിവസമായി അനിശ്ചിതകാല നിരാഹാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എംഎല്‍എ സി.കൃഷ്ണന്‍ അധ്യക്ഷനായി രാഷ്ട്രീയകക്ഷികളുടെ സംയുക്തസമിതി രൂപം കൊടുത്ത മറ്റൊരു സമരസമിതിയും പ്രദേശത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്.

കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റുന്നില്ല പ്രദേശത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ട് എന്നു കലക്ടറോട് പരാതിപ്പെട്ടപ്പോള്‍ “ദുര്‍ഗന്ധം അനുഭവപ്പെടുകയാനെങ്കില്‍ ഒരു നമ്പര്‍ തരാം അതിലേക്ക് മിസ്‌കാള്‍ തന്നാല്‍ മതി” എന്നാണു കലക്ടര്‍ പറഞ്ഞത്. ജന ആരോഗ്യ സംരക്ഷണ സമിതി പ്രവർത്തകനായ  വിനോദ്‌കുമാർ രാമന്തളി പറയുന്നു.

അതിനിടയില്‍, ഇപ്പോഴുള്ള സ്ഥലത്തിനു പുറമേ പുതിയ ‘സെപ്റ്റിക് ടാങ്കുകളും’ മറ്റും നിര്‍മിക്കുവാനായി 500 ഏക്കര്‍ കൂടെ സ്ഥലം വേണം എന്നു നാവിക അക്കാദമി  അധികൃതര്‍ പറഞ്ഞത് ഘട്ടം ഘട്ടമായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നാവിക അക്കാദമിയുടെ ശ്രമമാണോ എന്ന സംശയം ഉളവാക്കുന്നു എന്നും വിനോദ്‌കുമാർ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ