scorecardresearch
Latest News

കാടും മലയും താണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍; വയനാട് ജില്ലയില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍

ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്

Wayanad, Noolppuzha, Panchayath, First Fully Vaccinated Panchayat, നൂൽപ്പുഴ, വാക്സിൻ, ie malayalam
നൂൽപ്പുഴയിൽ ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ ദൗത്യത്തിനിടെ

തിരുവനന്തപുരം: വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷന്‍ യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി.

കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്‌സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6.16 ലക്ഷം പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 2.13 ലക്ഷം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്.

“വാക്‌സിനേഷനായി വലിയ പ്രവര്‍ത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്,” ആരോഗ്യ മന്ത്രി പറഞ്ഞു.

ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്. കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കാനായും പ്രത്യേകം ശ്രദ്ധിച്ചു. 636 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമായി.

Also Read: സംസ്ഥാനത്തിന് അഞ്ച് ലക്ഷം കോവിഷീല്‍ഡ് കൂടി; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 1.75 കോടി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: People above 18 completely got first dose vaccine in wayanad district