തിരുവനന്തപുരം: സംസ്ഥാനത്തെ അറുപത്തിഅയ്യായിരത്തോളം കയര്‍ത്തൊഴിലാളി പെന്‍ഷനര്‍മാര്‍ക്ക് ഓണത്തിന് ഒരാഴ്ച മുമ്പ് തന്നെ നാല് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രേഖകള്‍ ഇല്ലാത്തതിനാല്‍ വിതരണം സാധിക്കാതെ വന്നവര്‍ക്കുള്ള കുടിശികയും പൂര്‍ണമായും കൊടുത്തു തീര്‍ത്തു. നാല്പത്തിയൊന്നു കോടി രൂപയാണ് വിതരണത്തിനായി വിനിയോഗിച്ചത്.

കയര്‍ത്തൊഴിലാളി ക്ഷേമനിധിനിയമപ്രകാരം വിരമിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു വിരമിക്കല്‍ ആനുകൂല്യത്തിനര്‍ഹതയുണ്ട്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് വിരമിച്ച എല്ലാവര്‍ക്കും ഇത് നല്‍കിയിരുന്നു. എന്നാല്‍, പിന്നീടിത് മുടങ്ങിപ്പോയതായും മുഖ്യമന്ത്രി പറഞ്ഞു. 2012 വരെയുള്ള കുടിശിക ഇപ്പോള്‍ പൂര്‍ണമായും കൊടുത്തു തീര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കയര്‍ സഹകരണസംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി ഏതാണ്ട് 18.5 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. മാര്‍ക്കറ്റ് ഡെവലപ്മെന്റ് സഹായം, പ്രൊഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് ഇന്‍സെന്റീവ്, മാനേജീരിയല്‍ സബ്സിഡി എന്നിവയും ഓണത്തിന് മുന്നോടിയായി കൊടുക്കും. കയര്‍ഫെഡ് കയര്‍ സംഘങ്ങള്‍ക്കുള്ള കയര്‍ വില പൂര്‍ണമായും ഓണത്തിനു മുമ്പായി കൊടുത്തു തീര്‍ക്കും. കയര്‍ കോര്‍പറേഷന്‍ ചെറുകിട കയറുല്പന്നനിര്‍മാതാക്കള്‍ക്ക് ആവശ്യത്തിന് ഓര്‍ഡര്‍ നല്‍കുകയും സംഭരണം നടത്തുകയും ചെയ്യുന്നുണ്ട്.

പരമ്പരാഗതമേഖലയില്‍ ഉല്പാദിപ്പിക്കുന്ന കൈത്തറി കയറുല്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് 118 ഉല്‍സവസ്റ്റോളുകളാണ് കേരളത്തിലെമ്പാടും തുറന്നിരിക്കുന്നത്. കയറുല്പന്നങ്ങള്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി വച്ച് വില്പന നടത്തുന്നതിന് വകുപ്പിലെ ജീവനക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. കയര്‍ത്തൊഴിലാളികളോട് ഈ ജീവനക്കാര്‍ കാണിക്കുന്ന സമീപനം മാതൃകാപരമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ