/indian-express-malayalam/media/media_files/uploads/2019/01/Bike-Helmet.jpg)
കോഴിക്കോട്: മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുക മാത്രമല്ലേയുള്ളൂ, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമോ? ഈ സംശയത്തിന് ഉത്തരം നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ മോട്ടോര്‍ വാഹന നിയമനത്തിന്റെ 194 ഡി വകുപ്പ് പ്രകാരം 1000 രൂപ പിഴ അടയ്ക്കണം. ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസം സസ്‌പെന്‍ഡ് ചെയ്യാനും വ്യവസ്ഥയുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി അജിത് കുമാര്‍ അറിയിച്ചു.
പിഴത്തുക കേരള സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. പ്രസ്തുത നിയമത്തിലെ ഇരുന്നൂറാം വകുപ്പ് പ്രകാരം സ്ംസ്ഥാനങ്ങള്‍ക്കുളള അധികാരം ഉപയോഗിച്ചാണിത്. എന്നാല്‍, കോമ്പൗണ്ടിംഗ് ഫീ അടച്ചാലും ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റെഫ്രഷര്‍ ട്രെയനിങ് കോഴ്‌സ്, സാമൂഹ്യസേവനം എന്നിവയില്‍നിന്ന് 200 (രണ്ട്) ഉപവകുപ്പ് ഡ്രൈവറെ ഒഴിവാക്കുന്നില്ല.
206 വകുപ്പ് (4) പ്രകാരം ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുവരുടെ ലെസന്‍സ് പിടിച്ചെടുക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. തുടര്‍ന്ന് അയോഗ്യത കല്‍പ്പിക്കാന്‍ ശിപാര്‍ശ ചെയ്തുകൊണ്ട് ലൈസന്‍സ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയച്ചുകൊടുക്കാം.
ഒക്ടോബര്‍ ഒന്നിനു നിലവില്‍ വന്ന ഈ നിയമത്തിലെ വ്യവസ്ഥകള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ നടപ്പിലാക്കിയപ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നവരുടെ എണ്ണം പൂര്‍ണതോതിലായതായി മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. അപകടങ്ങള്‍ 40 ശതമാനം കുറഞ്ഞതായും അജിത് കുമാര്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.