മൂന്നാർ: വിവാദ പരാമർശത്തിൽ മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാറിൽ നടത്തുന്ന സമരം ശക്തമാക്കി. സമരത്തിന്റെ മൂന്നാം ദിവസം ഗോമതിയും കൗസല്യയും നിരാഹാര സമരം തുടങ്ങി. മണി രാജിവച്ചു മൂന്നാറിലെത്തി പരസ്യമായി മാപ്പു പറയാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. എന്നാൽ മാപ്പു പറയില്ലെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നാലും ശൈലി മാറ്റില്ലെന്നുമാണ് എം.എം. മണിയുടെ നിലപാട്.

സിപിഎമ്മിൽനിന്നു പെമ്പിളൈ ഒരുമൈയിലേക്കു തിരിച്ചെത്തിയ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോമതി അഗസ്റ്റിൻ, രാജേശ്വരി, കൗസല്യ എന്നിവരുടെ നേതൃത്വത്തിലുളള സ്ത്രീ തൊഴിലാളികളാണ് മൂന്നാറിലെ ഗാന്ധിപ്രതിമയ്ക്കു സമീപം സമരം നടത്തുന്നത്. സ്ഥലത്തു വൻ പൊലീസ് സന്നാഹമുണ്ട്.

അതേസമയം, വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രി എം.എം. മണിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനു നിർദേശം നൽകിയതായി സംസ്ഥാന വനിതാ കമ്മിഷൻ അംഗം ജെ. പ്രമീളാദേവി പറഞ്ഞു.

അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിക്കുന്ന വിവാദ പ്രസ്താവന എം.എം.മണി നടത്തിയത്. ”പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്”- ഇതായിരുന്നു മണിയുടെ വിവാദ പരാമർശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ