മൂന്നാർ: വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ പൊമ്പിള ഒരുമൈ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണയർപ്പിച്ച് കൂടുതൽ നേതാക്കൾ മൂന്നാറിലെത്തുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജനും ഇന്ന് മൂന്നാറിലെത്തും. ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്താൻ മധ്യമേഖലാ റേഞ്ച് ഐജി ഉൾപ്പെടെയുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് മൂന്നാറിലെത്തും.

സമരത്തിന് പിന്തുണയർപ്പിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.ആർ.നീലകണ്ഠനും നിരാഹാരം തുടരുകയാണ്. സർക്കാർ ഭൂമിയിൽ സിപിഎം നിർമിച്ച പാർട്ടി ഗ്രാമത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് യുവമോർച്ചയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൂന്നാറിൽ എത്തിയിരുന്നു. രമേശ് ചെന്നിത്തലയടക്കമുള്ള കൂടുതല്‍ യുഡിഎഫ് നേതാക്കളും ഇനിയുളള ദിവസങ്ങളില്‍ സമരപന്തലിലെത്തും.

അതേസമയം, എം.എം.മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. ആദ്യ സമരത്തിലേതു പോലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനായില്ലെങ്കിലും പൊതു സമൂഹത്തിൽ നിന്ന് മികച്ച പിന്തുണ കിട്ടുന്നെന്ന വിലയിരുത്തലിലാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ