കാസർഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് നേരിട്ട് പങ്കുള്ളതായി റിപ്പോര്‍ട്ട്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്ന് പീതാംബരന്‍ പൊലീസിന് മൊഴി നല്‍കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃപേഷും ശരത് ലാലും ചേര്‍ന്ന് തന്നെ ആക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശയുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. പരാതിപ്പെട്ടിട്ടും പാര്‍ട്ടി തനിക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തത് പ്രകോപിപ്പിച്ചെന്നും, ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും തന്നില്ലെന്നും പീതാംബരന്‍ പറയുന്നു. അപമാനം സഹിക്കാന്‍ വയ്യാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.

വടിവാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് കൊല നടത്തിയത്. കസ്റ്റഡിയിലുള്ള മറ്റ് ആറു പേരും പീതാംബരന്റെ സുഹൃത്തുക്കളാണ്. അവരുടെ ചോദ്യം ചെയ്യല്‍ ഇന്നു കൂടി തുടരും. അതേസമയം, പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ചയാണ് പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കുന്നത്. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും ഇയാളെ കോടതിയില്‍ ഹാജരാക്കുക.

കൊലപാതകങ്ങള്‍ക്ക് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂരിയനം മഹേഷ് കൊലക്കേസിലും പീതാംബരന്‍ പ്രതിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.