കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ മുഖ്യ പ്രതിയായ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. പൊലീസ് തന്നെ മര്‍ദ്ദിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നായിരുന്നു പീതാംബരന്‍ കോടതിയില്‍ പറഞ്ഞത്. പൊലീസ് ഭീഷണിപ്പെടുത്തിയതായും പീതാംബരന്‍ പറഞ്ഞു.
അതേസമയം, കോടതി പീതാംബരനെയും രണ്ടാം പ്രതിയേയും റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. രണ്ടാഴ്ചത്തേക്കാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്.
കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.
കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്ന് പീതാംബരന്‍ നേരത്തേ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരന്‍ കഞ്ചാവുലഹരിയില്‍ കൊല്ലുമെന്നു കരുതുന്നില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.